യുഎസ് സര്‍ജന്‍ ജനറല്‍ പുറത്തുവിട്ട പുതിയ മുന്നറിയിപ്പ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. മദ്യപാനം ഏഴ് വ്യത്യസ്ത തരം കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസില്‍ തടയാന്‍ സാധിക്കുന്ന കാന്‍സറുകളുടെ കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് മദ്യപാനത്തിനുള്ളത് എന്ന് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) വ്യക്തമാക്കുന്നു. മദ്യപാനവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സര്‍ജന്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
‘മദ്യപാനം കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അമേരിക്കയില്‍ പ്രതിവര്‍ഷം ഏകദേശം 100,000 കാന്‍സര്‍ കേസുകള്‍ക്കും 20,000 മരണങ്ങള്‍ക്കും ഇത് കാരണമാകുന്നു. എന്നാല്‍ ഈ അപകടത്തെക്കുറിച്ച് ഭൂരിഭാഗം അമേരിക്കക്കാരും ബോധവാന്മാരല്ല’, യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു. സ്തനാര്‍ബുദം, മലാശയ കാന്‍സര്‍, അന്നനാളം കാന്‍സര്‍, കരള്‍ കാന്‍സര്‍, വായയിലെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, ശബ്ദപേടികയിലെ കാന്‍സര്‍ (Larynx) എന്നിവയ്ക്കുള്ള സാധ്യത മദ്യപാനം വര്‍ദ്ധിപ്പിക്കുന്നു.
2019 ലെ കണക്കുകള്‍ പ്രകാരം, ഏകദേശം 270,000 സ്തനാര്‍ബുദ കേസുകളില്‍ 16.4% മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിയര്‍, വൈന്‍, സ്പിരിറ്റുകള്‍ എന്നിങ്ങനെ ഏത് തരം മദ്യമായാലും കാന്‍സര്‍ സാധ്യത ഒരുപോലെയാണ്. ചില കാന്‍സറുകള്‍ക്ക്, ഒരു ദിവസം ഒരു പെഗ് മദ്യം പോലും അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യ ഉത്പന്നങ്ങളില്‍ കാന്‍സര്‍ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ലേബലുകള്‍ പതിക്കണമെന്നും മദ്യപാനത്തിന്റെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ വിദഗ്ധര്‍ പുനര്‍വിചിന്തനം നടത്തണമെന്നും സര്‍ജന്‍ ജനറല്‍ ആവശ്യപ്പെട്ടു. മദ്യപാനവും കാന്‍സറും തമ്മിലുള്ള ബന്ധം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകരോടും നിര്‍ദേശിച്ചിട്ടുണ്ട്. മദ്യപാനം ഏഴ് തരം കാന്‍സറുകളിലേക്ക് നയിക്കുമെന്ന കണ്ടെത്തലിനെ ഡോക്ടര്‍മാര്‍ പ്രശംസിച്ചു.
മദ്യവും കാന്‍സറും തമ്മിലുള്ള ബന്ധം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാക്കണമെന്ന് പല ഡോക്ടര്‍മാരും ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും അളവിലുള്ള മദ്യപാനം കാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബ്രൂസ് സ്‌കോട്ട് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ സുരക്ഷിതമായ അളവില്‍ മദ്യപാനം ഇല്ല. മദ്യം ശരീരത്തില്‍ വിഘടിക്കുമ്പോള്‍, അത് ഡിഎന്‍എയെയും പ്രോട്ടീനുകളെയും നശിപ്പിക്കുകയും കാന്‍സര്‍ വളരാന്‍ കാരണമാവുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ അളവ് മാറ്റുകയും പുകയില പുക പോലുള്ള മറ്റ് കാര്‍സിനോജനുകള്‍ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും അതുവഴി സ്തനാര്‍ബുദം, വായ അല്ലെങ്കില്‍ തൊണ്ട കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാന്‍സര്‍ മാത്രമല്ല, എല്ലാത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മദ്യം ഉപേക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന് വിദഗ്ധര്‍ പറയുന്നു.
സര്‍ജന്‍ ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയില്‍ പുകയിലയ്ക്കും പൊണ്ണത്തടിക്കും പിന്നില്‍, തടയാന്‍ കഴിയുന്ന കാന്‍സറിനുള്ള മൂന്നാമത്തെ പ്രധാന കാരണമാണ് മദ്യം. പ്രതിവര്‍ഷം ഏകദേശം 100,000 കാന്‍സര്‍ കേസുകള്‍ക്കും 20,000 കാന്‍സര്‍ മരണങ്ങള്‍ക്കും മദ്യം കാരണമാകുന്നു എന്ന് കണക്കാക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ മദ്യത്തെ ‘ഗ്രൂപ്പ് 1’ കാര്‍സിനോജനായി തരംതിരിക്കുന്നു, അതായത് മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന് മതിയായ തെളിവുകളുണ്ട്.
മദ്യപാനം നിര്‍ത്തിയാല്‍ കാന്‍സര്‍ സാധ്യത കുറയുന്നത് എപ്പോഴാണെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. മദ്യപാനം നിര്‍ത്തി 20 വര്‍ഷമെങ്കിലും കഴിഞ്ഞതിനുശേഷമേ കരള്‍ കാന്‍സറിനുള്ള സാധ്യത മദ്യം കഴിക്കാത്ത ഒരാളുടെ അത്രയും ആകുകയുള്ളൂ. മദ്യം കോശ തലത്തില്‍ കേടുപാടുകള്‍ വരുത്തുന്നു. ചിലപ്പോള്‍ ആ കേടുപാടുകള്‍ മാറ്റാനാകും, പക്ഷേ വളരെ കാലത്തിനു ശേഷം മാത്രം.
ചില പഠനങ്ങള്‍ മിതമായ മദ്യപാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പല ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഇതിനോട് യോജിക്കുന്നില്ല. മദ്യപാനത്തില്‍ എന്തെങ്കിലും ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കില്‍ പോലും അത് അപകടസാധ്യതകള്‍ക്ക് തുല്യമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മദ്യത്തിന്റെ അളവിലോ സാന്ദ്രതയിലോ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മദ്യത്തിലെ ആല്‍ക്കഹോള്‍ തന്മാത്രകളാണ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.