ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടിയുടെ വക്താവും നേതാവുമായ അതിഷി മർലേനയ പാർട്ടി തിരഞ്ഞെടുത്തു.
പാർട്ടി എം എൽ എമാരുടെയും നേതാക്കന്മാരുടെയും കൂടി ആലോചനകൾക്ക് ശേഷമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പിൻഗാമിയായി അതിഷിയെ പ്രഖ്യാപിച്ചത്.
കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത്തിന് ശേഷം വീണ്ടുമൊരു വനിത രാജ്യത്തിൻ്റെ ഭരണ സിരാ കേന്ദ്രത്തിൻ്റെ ചക്രം തിരിക്കുവാനുള്ള നിയോഗത്തിലേക്ക്.
ഇന്ത്യയിലെ പ്രഗൽഭയായ വിദ്യാഭ്യാസ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമാണ് ആതിഷി മർലേന. വിദ്യാഭ്യാസ നിലവാരം കൊണ്ടും പ്രവർത്തന പ്രതിബദ്ധത കൊണ്ടും ശ്രദ്ധേയയായ രാഷ്ട്രീയ വ്യക്തിത്വമാണവർ.
ഡൽഹി സർവകലാശാല അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായി 1981 ൽ ജനനം. മിശ്രവിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി അതിനു പകരം പേരിനോടൊപ്പം മർലേന എന്ന് വിളിച്ചു. കമ്മ്യൂണിസ്റ്റ് ചിന്തകനായ മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ് മർലേന എന്നത്. 2001 ൽ ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ആതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു.
വിദ്യാർത്ഥികളുടെ സ്വപ്നകേന്ദ്രമായ ഓക്സ്ഫോഡ് സർവകലാശാലയിലാണ് ആതിഷി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. 2003 ൽ സ്കോളർഷിപ്പോടെയായിരുന്നു ആതിഷിയുടെ ഓക്സ്ഫോഡ് പഠനം. പിന്നീട് 2005 ലും ഓക്സ്ഫോഡിൽ തന്നെ ഗവേഷകയായും ആതിഷി പ്രവർത്തിച്ചു.
ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ ഒരു സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു ആതിഷി. തുടർന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ആതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ ശ്രമങ്ങളിൽ ആതിഷി തന്റെ സമയം ചിലവഴിച്ചു. ഒപ്പം ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിച്ച ആതിഷി അവിടെ നിന്നും പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരെ കണ്ടുമുട്ടുകയായിരുന്നു. ആ കണ്ടുമുട്ടലുകളാണ് ആം ആദ്മി പാർട്ടിയെന്നെ രാഷ്ട്രീയത്തിലേക്ക് ആതിഷിയെന്നെ ചെറുപ്പത്തിനെ ആകർഷിപ്പിച്ചത്.
പബ്ലിക് പോളിസിയിൽ തത്പരയാണെങ്കിലും ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള കാമ്പയിനിങ്ങിന് ആതിഷി എതിരായിരുന്നു.
2011 ൽ ആം ആദ്മിയെ പുറത്തുനിന്ന് നിരീക്ഷിച്ച ആതിഷി 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി ആതിഷി പാർട്ടിയിലേക്ക് വന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽ ആം ആദ്മിയുടെ വക്താവായി.
പാർട്ടിയിലെയും സമൂഹത്തിലേയും ശ്രദ്ധേയമായ ഇടപെടലിലൂടെ ഇപ്പോൾ ഡൽഹിയുടെ ഭരണചക്രം വഹിക്കാൻ ഉള്ള ചുമതലയും വന്നിരിക്കുകയാണ്.