നഴ്സിം​ഗ് വിദ്യാർത്ഥി അമ്മു സജീവിൻ്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്. മരണത്തിലെ ദുരൂഹത ഉറപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന തെളിവുകൾ. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അമ്മുവിൻ്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. അതേ സമയം, അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. വിദ്യാർഥിനികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിൻ്റെ  ഭാഗമാക്കിയിട്ടുണ്ട്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽനിന്നു വീണ് മരിക്കുന്നത്.