രാഷ്ട്രപതി ഭവനിലെ മനോഹരമായ അമൃത് ഉദ്യാനം 2025 ഫെബ്രുവരി രണ്ട് മുതൽ മാർച്ച് 30 വരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുവാനും വിവിധ ഇനം പുഷ്പങ്ങൾ കൺകുളിർക്കെ കാണുവാനും സന്ദർശകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ഉദ്യാനം സന്ദർശകർക്കായി തുറന്നിരിക്കും.
ചില പ്രത്യേക ദിവസങ്ങളിൽ ഉദ്യാനത്തിന്റെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഫെബ്രുവരി 5ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്ന് ഉദ്യാനം അടച്ചിടും. കൂടാതെ, ഫെബ്രുവരി 20, 21 തീയതികളിൽ രാഷ്ട്രപതി ഭവനിലെ സന്ദർശക സമ്മേളനം നടക്കുന്നതിനാലും മാർച്ച് 14ന് ഹോളി ആഘോഷം നടക്കുന്നതിനാലും ഉദ്യാനം അടച്ചിടുന്നതാണ്.
എല്ലാ സന്ദർശകരും നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനുമായി ചേരുന്ന സ്ഥലത്തിന് സമീപമുള്ള രാഷ്ട്രപതിയുടെ എസ്റ്റേറ്റിന്റെ ഗേറ്റ് നമ്പർ 35 വഴിയാണ് പ്രവേശിക്കേണ്ടതും പുറത്തേക്ക് പോകേണ്ടതും. സന്ദർശകരുടെ സൗകര്യാർത്ഥം സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഗേറ്റ് നമ്പർ 35 ലേക്ക് ഷട്ടിൽ ബസ് സർവീസ് രാവിലെ 9.30 മുതൽ വൈകുന്നേരം 6.00 വരെ ഓരോ 30 മിനിറ്റിലും ലഭ്യമാകും.
ചില പ്രത്യേക ദിവസങ്ങളിൽ വിവിധ വിഭാഗത്തിലുള്ള ആളുകൾക്കായി അമൃത് ഉദ്യാനം പ്രത്യേകം തുറന്നു കൊടുക്കുന്നതാണ്. മാർച്ച് 26ന് ഭിന്നശേഷിയുള്ളവർക്കും, മാർച്ച് 27ന് പ്രതിരോധം, അർധസൈനിക വിഭാഗം, പോലീസ് സേനാംഗങ്ങൾക്കും, മാർച്ച് 28ന് സ്ത്രീകൾക്കും ഗോത്ര വർഗ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്കും, മാർച്ച് 29ന് മുതിർന്ന പൗരന്മാർക്കും പ്രവേശനം ഉണ്ടായിരിക്കും.
അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനവും ബുക്കിംഗും സൗജന്യമാണ്. സന്ദർശകർക്ക് (https://visit(dot)rashtrapatibhavan(dot)gov(dot)in/) എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ ബുക്കിംഗ് കൂടാതെ നേരിട്ടും പ്രവേശനം നേടാവുന്നതാണ്.
അമൃത് ഉദ്യാനത്തിന്റെ ഭാഗമായി 2025 മാർച്ച് 6 മുതൽ 9 വരെ വിവിധതാ കാ അമൃത് മഹോത്സവം രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കും. ഈ വർഷത്തെ മഹോത്സവം ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതുല്യമായ പാരമ്പര്യവും ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു വേദി ആയിരിക്കും.