ന്യൂഡൽഹി : മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്റെ വെല്ലുവിളികൾ പഠിക്കുന്നതിനായി ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഇതിനായി ഹാബ്-1 എന്ന പേരിൽ ഒരു പ്രത്യേക പേടകം ലഡാക്കിലെ ലേയിൽ ഒരുക്കിയിട്ടുണ്ട്. മറ്റൊരു ഗ്രഹത്തിലെ ജീവിത സാഹചര്യങ്ങൾ ഇവിടെ അനുകരിക്കും.

ഇന്ത്യയുടെ ആദ്യ അനലോഗ് മിഷൻ ലേയിൽ ആരംഭിച്ചുവെന്ന് എക്സിലൂടെ ഐഎസ്ആർഒ അറിയിച്ചു.  ഗഗൻയാനിൽ തുടങ്ങി ചന്ദ്രനിൽ മനുഷ്യരെ എത്തിക്കുന്നത് വരെയുള്ള ദൗത്യ പദ്ധതികളിലാണ് ഐഎസ്ആർഒ. അതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഭാവി ബഹിരാകാശ സഞ്ചാരികളുടെ അന്യഗ്രഹ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വെല്ലുവിളികൾ പഠിക്കാൻ ഐഎസ്ആർഒ ശ്രമിക്കുന്നത്.

ഹാബ് 1 പേടകത്തിൽ ഒരു ഹൈഡ്രോപോണിക്സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ടാവും. ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സമാനമായ സാഹചര്യമാണ് ഇവിടെ പരിശോധിക്കുന്നത്. ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്റർ, ഐഎസ്ആർഒ, ആക സ്പേസ് സ്റ്റുഡിയോ, ലഡാക്ക് സർവകലാശാല, ബോംബെ ഐഐടി എന്നിവർ സഹകരിച്ചാണ് ഈ ദൗത്യം സംഘടിപ്പിക്കുന്നത്. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പിന്തുണയുമുണ്ട്.

ചൊവ്വയിലേയും ചന്ദ്രനിലേയും ഭൂപ്രകൃതിയ്ക്ക് സമാനമായ ഭൂമിശാസ്ത്ര സാഹചര്യങ്ങൾ ഉള്ളതിനാലാണ് ലഡാക്കിനെ ഇതിനായി തിരഞ്ഞെടുത്തത്. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരവും തണുപ്പും പരുക്കൻ ഭൂപ്രദേശവുമെല്ലാം ദീർഘകാല ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയും സാഹചര്യങ്ങളും പരീക്ഷിക്കുന്നതിന് അനുയോജ്യമാണ്. 

പുതിയ സാങ്കേതിക വിദ്യകളും, റോബോട്ടിക് ഉപകരണങ്ങളും വാഹനങ്ങളും , ആശയവിനിമയ സംവിധാനങ്ങളും ദൗത്യത്തിൽ പരീക്ഷിക്കും. ഊർജ ഉത്പാദനം സഞ്ചാരം അടിസ്ഥാന സൗകര്യങ്ങൾ സംഭര ശേഷി എന്നിവയും പരീക്ഷിക്കും. ഒറ്റപ്പെട്ടു ജീവിക്കുമ്പോഴുള്ള മനുഷ്യരുടെ ആരോഗ്യവും ദൗത്യത്തിൽ പരിശോധിക്കും. 

സ്പേസ് വിഷൻ 2047 ലൂടെ 2035 ഓടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ആരംഭിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.