സ്ത്രീകളിലെ മൂത്രാശയ അണുബാധകള്‍ ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ തരം ആന്റിബയോട്ടിക് ഗൊണോറിയ അണുബാധയ്ക്കെതിരെയും പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. 1990 കള്‍ക്ക് ശേഷം ഗൊണോറിയയ്ക്കുള്ള ആദ്യത്തെ പുതിയ ആന്റിബയോട്ടിക്കായി ജെപ്പോട്ടിഡാസിന്‍ പ്രവര്‍ത്തിക്കും. ഗൊണോറിയ അണുബാധകളുടെ ചികിത്സയ്ക്കുള്ള ഒരു ബദല്‍ ഓപ്ഷനായി മാറാന്‍ സാധ്യതയുള്ള ഒരു നൂതന ഓറല്‍ ആന്റി ബാക്ടീരിയല്‍ ചികിത്സയാണ് ജെപ്പോട്ടിഡാസിന്‍ എന്ന് തിങ്കളാഴ്ച ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ കുറിച്ചു. ഈ മരുന്ന് രോഗിയില്‍ ശക്തമായ പുരോഗതി ഉണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആന്റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിക്കുന്നതിനാല്‍ ഗൊണോറിയയ്ക്കെതിരെ പുതിയ ഗുളിക ഫലപ്രദമാണെന്നാണ് പഠനം കാണിക്കുന്നത്. ഗുളിക ഗൊണോറിയ ചികിത്സിക്കുന്നതില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തി. അംഗീകരിക്കപ്പെട്ടാല്‍, രണ്ട് പതിറ്റാണ്ടിലേറെയായി ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള ആദ്യത്തെ പുതിയ ആന്റിബയോട്ടിക്കായി ഇത് മാറും.
സ്ത്രീകളിലും 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളിലും ഉണ്ടാകുന്ന സങ്കീര്‍ണ്ണമല്ലാത്ത മൂത്രനാളി അണുബാധകള്‍ ചികിത്സിക്കുന്നതിനായി ജെപോട്ടിഡാസിന്‍ എന്നറിയപ്പെടുന്ന ഈ ഗുളിക മാര്‍ച്ചില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചിരുന്നു. സ്ത്രീകളിലെ ഏറ്റവും സാധാരണമായ അണുബാധയാണിത്. ബ്ലൂജെപ എന്ന പേരിലാണ് മരുന്ന് വില്‍ക്കുന്നത്.
ജിഎസ്‌കെയുടെ അഭിപ്രായത്തില്‍, ആഗോളതലത്തില്‍ ഓരോ വര്‍ഷവും 82 ദശലക്ഷം പുതിയ ഗൊണോറിയ കേസുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, 2009 മുതല്‍ 2021 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗൊണോറിയയുടെ നിരക്ക് 118% ആയി വര്‍ദ്ധിച്ചിരുന്നു. 2022 ല്‍ 640,000 ല്‍ അധികം കേസുകള്‍ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ചികിത്സിച്ചില്ലെങ്കില്‍, ഗൊണോറിയ രോഗികളുടെ സന്ധികള്‍ വീര്‍ത്തതും വേദനാജനകവുമായിരിക്കും. കരള്‍ വീക്കം, ഹൃദയത്തിനും തലച്ചോറിനും കേടുപാടുകള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഇത് സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. 600-ലധികം മുതിര്‍ന്നവരിലും കൗമാരക്കാരിലും നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍, ഒരു സാധാരണ ചികിത്സ ലഭിച്ച രോഗികളുടെ കൂട്ടത്തില്‍ ഇത് 91% ഫലപ്രദമായിരുന്നു. ഇത് ഒരു ദിവസം രണ്ട് തവണ കഴിക്കുമ്പോള്‍ ഏകദേശം 92% രോഗികളെ ഹെപൊട്ടിഡാസിന്‍ വിജയകരമായി ചികിത്സിക്കുന്നതായി കാണിച്ചു.