ഫ്രഞ്ച് ദ്വീപ് മേഖലയായ കോർസിക്കയിലെ ഏകദിന സന്ദർശനത്തിൽ തലസ്ഥാനമായ അജാസിയോയിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഡിസംബർ 15 ലെ യാത്രയ്ക്കിടെ, യൂറോപ്പിൽ മതേതരസംസ്കാരം വളരുന്നതിനനുസരിച്ച് പരമ്പരാഗതഭക്തി വളർത്തുന്നതു തുടരാൻ ദ്വീപിലെ കത്തോലിക്കാ ഭൂരിപക്ഷത്തെ മാർപാപ്പ പ്രോത്സാഹിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിലുടനീളം പരമ്പരാഗത കോർസിക്കൻ സ്തുതിഗീതങ്ങൾ അവതരിപ്പിച്ചു. ഏകദേശം 7,000 കത്തോലിക്കർ പങ്കെടുത്ത, ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിലും ഈ ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അജാസിയോയിൽ ജനിച്ച നെപ്പോളിയൻ ബോണപാർട്ട് ചക്രവർത്തിയുടെ സ്മാരകമായി നിർമിച്ച പ്ലേസ് ഡി ഓസ്റ്റർലിറ്റ്സിലെ പാർക്കിലായിരുന്നു വിശുദ്ധ കുർബാന അർപ്പിച്ചത്.
“നമുക്ക് സന്തോഷത്തിന്റെ ആത്മാവ് നഷ്‌ടപ്പെടാൻ കാരണം നമ്മെക്കുറിച്ചും നമ്മുടെ ആവശ്യങ്ങളെക്കുറിച്ചും വളരെയധികം സമയം ചിന്തിക്കുന്നതാണ്. ഉപഭോക്തൃ സംസ്‌കാരം വരുന്നിടത്ത് ദുരിതം, നിരാശ, ദുഃഖം എന്നിവ വ്യാപകമായ ആത്മീയരോഗങ്ങളാണ്. നമുക്കുവേണ്ടി മാത്രം ജീവിക്കുന്നെങ്കിൽ നമുക്ക് ഒരിക്കലും സന്തോഷം കണ്ടെത്താനാവില്ല” – പാപ്പ കൂട്ടിച്ചേർത്തു.
പ്രാദേശിക സമയം രാവിലെ ഒമ്പതു മണിക്ക് വിമാനമിറങ്ങിയതിനുശേഷം കോർസിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ പരിപാടി അജാസിയോയുടെ കോൺഫറൻസ് സെന്ററിൽ വച്ചു നടന്നു. അവിടെ അദ്ദേഹം മെഡിറ്ററേനിയൻ മേഖലയിലെ ജനകീയഭക്തിയെക്കുറിച്ച് – ആരാധനാക്രമത്തിനു പുറമെയുള്ള വിശ്വാസത്തിന്റെ പ്രകടനങ്ങൾ – (popular piety) എന്ന കോൺഫറൻസിൽ സമാപനസന്ദേശം നൽകി. തുടർന്ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ മാർപാപ്പ പ്രാദേശിക വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു. അവിടെ ആഞ്ചലൂസ് പ്രാർഥനയ്ക്കും പാപ്പ നേതൃത്വം നൽകി.
തുടർന്ന് ഉച്ചഭക്ഷണത്തിനും കുറച്ചുസമയം വിശ്രമത്തിനും ശേഷം ഫ്രാൻസിസ് പാപ്പ നെപ്പോളിയൻ ബോണപാർട്ടിന്റെ ജന്മസ്ഥലത്തെ സ്മരിക്കുന്ന പാർക്കായ പ്ലേസ് ഡി ഓസ്റ്റർലിറ്റ്സിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഫ്രാൻസിസ് മാർപാപ്പ റോമിലേക്കു തിരിച്ചു.