2024 ലെ ജോസഫ് റാറ്റ്സിംഗർ പുരസ്‌കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് ശില്പിയായ എറ്റ്സുറോ സോട്ടോയും ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗനുമാണ് ഈ വർഷത്തെ പുരസ്‌കാരം പങ്കിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ജാപ്പനീസ് ശില്പി പുരസ്‌കാരത്തിന് അർഹനാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

1953-ൽ ജപ്പാനിലെ ഫുകുവോക്കയിൽ ജനിച്ച സോട്ടോ, ബാഴ്‌സലോണയിലെ ഐതിഹാസികമായ സഗ്രദാ ഫാമിലിയ ബസിലിക്കയിലെ ശില്പങ്ങളുടെ നിർമ്മാണത്തിലൂടെ പ്രശസ്തനാണ്. ക്യോട്ടോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, 1978-ൽ സ്പെയിൻ സന്ദർശിക്കുന്നതിന് മുമ്പ് സോട്ടോ ജപ്പാനിൽ അധ്യാപകനായിരുന്നു. പിന്നീട് ശില്പ നിർമ്മാണം ആരംഭിക്കുകയും ബാഴ്‌സലോണയിലെ ബസിലിക്കയുടെ ജോലി ഏറ്റെടുക്കയും ചെയ്തു. ആ സമയത്താണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. സഗ്രദാ ഫാമിലിയ ബസിലിക്കയുടെ വിവിധ ഭാഗങ്ങളും ജപ്പാൻ, സ്പെയിൻ, ഇറ്റലി, ഫ്ലോറൻസ് കത്തീഡ്രൽ എന്നിവ ഉൾപ്പെടെയുള്ള ദൈവാലയങ്ങളും സോട്ടോയുടെ ശില്പങ്ങളാൽ അലംകൃതമാണ്.

2024 ലെ റാറ്റ്‌സിംഗർ സമ്മാനം പങ്കിടുന്ന ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗൻ, നോട്ടർ ഡാം സർവകലാശാലയിലെ സിസ്റ്റമാറ്റിക് തിയോളജി പ്രൊഫസറാണ്. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

നവംബർ 22-ന് കർദിനാൾ പിയട്രോ പരോളിൻ വത്തിക്കാനിൽ ഇരുവർക്കും പുരസ്കാരം സമ്മാനിക്കും. ചടങ്ങുകൾക്ക് മുന്നോടിയായി വത്തിക്കാൻ ഗ്രോട്ടോയിലെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ശവകുടീരത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വിശുദ്ധ കുർബാനയും തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുമൊത്തുള്ള സ്വകാര്യ കൂടിക്കാഴ്ചയും ഉണ്ടായിരിക്കും.