അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു. 161 അടി ഉയരത്തിലായിരിക്കും ഈ ഗോപുരം നിർമ്മിക്കുന്നത്. ഇതോടൊപ്പം, ഏഴ് മുനിമാർക്കായി സമർപ്പിച്ചിരിക്കുന്ന ഏഴ് ക്ഷേത്രങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. രാമക്ഷേത്ര സമുച്ചയത്തിന്റെ മൊത്തം നിർമ്മാണം 2025 ജൂൺ 30നകം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
സപ്ത മന്ദിർ എന്നറിയപ്പെടുന്ന ഏഴ് ക്ഷേത്രങ്ങളുടെ നിർമ്മാണം 2024 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോപുര നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം തീരാൻ 2025 ഫെബ്രുവരി ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി, തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുകയും ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ധരെ നിയമിക്കുകയും ചെയ്യുന്നതിനുള്ള ആലോചനകൾ നടക്കുന്നുണ്ട്. മൂന്നു ദിവസത്തെ അവലോകന യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും അതിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.