വിമാനയാത്രയില്‍ യാത്രക്കാര്‍ പൊതുവെ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അനാവശ്യമായി എഴുന്നേറ്റ് നടക്കുകയോ സഹയാത്രികരെ ശല്യം ചെയ്യുകയോ ചെയ്യരുതെന്നതാണ് അതില്‍ ആദ്യത്തേത്. കഴിഞ്ഞ ദിവസം ഡെല്‍റ്റ വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രികൻ റെഡ്ഡിറ്റില്‍ കുറിച്ചൊരു അനുഭവമാണ് വിമാനയാത്രയില്‍ സഹയാത്രികരോട് പുലര്‍ത്തേണ്ട മര്യാദ വീണ്ടും ചര്‍ച്ചയാക്കിയത്.

ആര്‍ക്കെങ്കിലും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു യാത്രികന്‍ തന്‍റെ അനുഭവം പങ്കുവെച്ചത്. അസഹ്യമായാ നാറ്റം കാരണം ഇരിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് എവിടെ നിന്നാണെന്ന് നോക്കിയത്. നോക്കിയപ്പോള്‍ തൊട്ട് മുമ്പിലെ സീറ്റിലിരുന്ന് രക്ഷിതാക്കൾ കുട്ടിയുടെ വൃത്തിഹീനമായ ഡയപ്പര്‍ മാറ്റുകയാണ്. നാറ്റം സഹിക്കാനാവാഞ്ഞതോടെ ഞാന്‍ പുറകിലെ നിരയില്‍ ഒഴിഞ്ഞു കിടന്നിരുന്ന സീറ്റിലേക്ക് മാറിയിരുന്നു. ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് ഉടന്‍ അടുത്തെത്തി എന്തുകൊണ്ടാണ് മാറിയിരുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഞാനവരോട് ഈ നാറ്റത്തെക്കുറിച്ച് പറഞ്ഞു.

അവര്‍ രക്ഷിതാക്കള്‍ക്ക് അടുത്തെത്തി ഇത്തരം കാര്യങ്ങള്‍ ബാത്റൂമില്‍ വെച്ചാണ് ചെയ്യേണ്ടതെന്നും മറ്റ് യാത്രികര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അറിയിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ അത് സമ്മതിക്കുകയും ചെയ്തുവെന്നായിരുന്നു റെഡ്ഡിറ്റില്‍ യാത്രികന്‍റെ കുറിപ്പ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പിട്ട പോസ്റ്റിന് താഴെ നിരവധി യാത്രക്കാരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.  ഏഴുന്നോറോളം പേര്‍ പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തി. രക്ഷിതാക്കള്‍ ചെയ്തത് വിമാനത്തില്‍വെച്ച് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. വിമാനത്തിനുള്ളില്‍വെച്ച് മാത്രമല്ല, ഭക്ഷണ ടേബിളിന് മുന്നില്‍വെച്ചുപോലും കുട്ടികളുടെ ഡയപ്പര്‍ മാറ്റുന്ന രക്ഷിതാക്കളെ താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മറ്റൊരു യാത്രികന്‍റെ കമന്‍റ്.