ഡല്‍ഹിയിലെ ബിജെപി ഓഫീസിന് സമീപം പരിഭ്രാന്തി സൃഷ്ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തി. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ഓഫീസിന് സമീപമായി ഫുട്പാത്തിന് സമീപമാണ് ബാഗ് വെച്ചിരുന്നത്. ഇത് മേഖലയിലാകെ പരിഭ്രാന്തി പരത്തി. 

സംശയാസ്പദമായി അവകാശികളില്ലാത്ത ബാഗ് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ എമര്‍ജെന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഓഫീസിന് സമീപം ആളില്ലാത്ത ബാഗ് കണ്ടെത്തിയതോടെ പ്രദേശം ബോംബ് സ്‌ക്വാഡ് വളയുകയും പരിശോധിക്കുകയും ചെയ്തു. മേഖല പൂര്‍ണമായും വളഞ്ഞ ശേഷമായിരുന്നു പരിശോധന. 

സ്റ്റിക്കര്‍ പതിച്ച ക്ലെയിം ചെയ്യാത്ത ബാഗ് അന്വേഷണത്തിനൊടുവില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റേതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.