ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോന്‍ വാദിച്ചത്. പരാതി നല്‍കിയ കാലതാമസം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.
സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ടെന്നും ജഡ്ജ് ഉത്തരവില്‍ പറഞ്ഞു. 40 ലേറെ സിനിമകള്‍ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്രമേനോനെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അതിക്രമിച്ചുവെന്നാണ് നടി പരാതിയില്‍ ആരോപിച്ചത്.