ചൈനയിലെ ഷാങ്ഹായ് രൂപതയിൽ 54 വിശ്വാസികൾ മാമോദീസ സ്വീകരിച്ചു. കർത്താവിന്റെ മാമോദീസയുടെ തിരുനാളായ ജനുവരി 12 നായിരുന്നു പ്രതീക്ഷയുടെ ജൂബിലി വർഷത്തിലെ ആദ്യത്തെ മാമോദീസ സ്വീകരണം.

ഷാങ്ഹായ് രൂപതയിൽ ഏകദേശം 1,60,000 കത്തോലിക്കർ ഉണ്ടെന്ന് വത്തിക്കാൻ ഏജൻസിയായ ഫിഡ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇടവകകൾ, പ്രസിദ്ധീകരണശാലകൾ, നഴ്സിംഗ് ഹോമുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 170 ഓളം വൈദികർ വിവിധ അജപാലന സേവനങ്ങൾ നൽകിവരുന്നു. 1500 ലധികം വിശ്വാസികൾ പങ്കെടുത്ത കുർബാനയിൽ 54 പുതിയ കത്തോലിക്കരെ ഷാങ് ഹായ് രൂപതധ്യക്ഷൻ ബിഷപ്പ് ജോസഫ് ഷെൻ ബിൻ ലയോളയിലെ വി. ഇഗ്നെഷ്യസിനു സമർപ്പിച്ച കത്തീഡ്രലിൽ വച്ച് മാമോദീസ നൽകി.

ക്രിസ്തീയജീവിതത്തിലേക്കുള്ള വാതിലുകൾ തുറക്കുന്ന മാമോദീസയുടെ കൂദാശയുടെ പ്രാധാന്യം, പ്രത്യേകിച്ച് ഇപ്പോൾ ജൂബിലിയുടെ ചട്ടക്കൂടിൽ ഏറ്റവും ആവശ്യമുള്ളവരെ സേവിക്കാൻ പുതുതായി സ്നാനമേറ്റവരെ പ്രോത്സാഹിപ്പിക്കുന്നതായി പുരോഹിതൻ അനുസ്മരിച്ചു.

ദൈവവചനത്തെ പൂർണ്ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് അപ്പോസ്തലനായ പൗലോസിന്റെ മാതൃക പിന്തുടരാനും നിങ്ങളുടെ വിശ്വാസത്താൽ മറ്റുള്ളവരെ പ്രകാശിപ്പിക്കുന്ന കത്തിച്ച വിളക്കുകൾപോലെ ആയിരിക്കാനും ജ്ഞാനസ്നാനപ്പെട്ട 54 വിശ്വാസികളോട് സഭാധ്യക്ഷൻ അഭ്യർഥിച്ചു.