ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചത്. 92-ാം വയസ്സിലാണ് അന്ത്യം. ഇന്നലെ വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. രാജ്യത്തേയും വിദേശത്തേയും ഒട്ടേറെ പ്രമുഖർ അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിച്ച് രംഗത്തെത്തി.

സാമ്പത്തിക ഉദാരവൽക്കരണത്തിൽ മൻമോഹൻ സിംഗ് നൽകിയ പ്രത്യേക സംഭാവനകൾക്ക് ലോകം മുഴുവൻ സ്മരിക്കപ്പെടുന്നുണ്ട്. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഒരിക്കൽ മൻമോഹൻ സിംഗിനെ പുകഴ്ത്തിയിരുന്നു. ‘മൻമോഹൻ സിംഗ് സംസാരിക്കുമ്പോൾ ലോകം മുഴുവൻ കേൾക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിലും ഒബാമ മൻമോഹൻ സിംഗിനെ പ്രശംസിച്ചിരുന്നു. ബരാക് ഒബാമയുടെ ഈ പുസ്തകം വന്നത് 2020ലാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നവീകരണത്തിൻ്റെ എഞ്ചിനീയർ മൻമോഹൻ സിംഗ് ആണെന്നും ഒബാമ പുസ്തകത്തിൽ എഴുതിയിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അദ്ദേഹം ദാരിദ്ര്യത്തിൻ്റെ വലയത്തിൽ നിന്ന് കരകയറ്റി. താനും മൻമോഹൻ സിംഗും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു.