വിമത നീക്കത്തെ തുടർന്ന് രാജ്യം വിട്ട സിറിയൻ മുൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനും കുടുംബത്തിനും റഷ്യയിൽ ആഡംബര ജീവിതം. മൂന്ന് കുട്ടികളോടും ഭാര്യയോടും ഒപ്പം റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലാണ് ഇവർ താമസിക്കുന്നതെന്നും സിറിയയിലേതിന് സമാനമായി ആഡംബര ജീവിതം നയിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൈനിറയെ പണവുമായാണ് ഇവർ രാജ്യം വിട്ടത്.
ഏകദേശം 1.60 ലക്ഷം കോടി രൂപയുമായാണ് ബഷാറും കുടുംബവും റഷ്യയിലെത്തിയത്. ഈ പണം കൊണ്ട് മോസ്‌കോയിൽ ഫ്‌ളാറ്റുകളും ആഡംബര വീടും ബഷാർ ഇതിനകം വാങ്ങിയിട്ടുണ്ട്. പലായനം ചെയ്യുന്നതിന് മുമ്പ് തന്നെ അസദ് മോസ്കോയിൽ താമസം ഒരുക്കിയിരുന്നു.
ബ്രിട്ടനിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച ഭാര്യ അസ്മയും സിറിയയിൽ ആഡംബര ജീവിതം നയിക്കുന്നതിൻ്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. പലരും അവരെ ഷേക്സ്പിയറിൻ്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോട് താരതമ്യം ചെയ്തിട്ടുണ്ട്.
സിറിയൻ പ്രസിഡൻ്റിൻ്റെ കൊട്ടാരം അലങ്കരിക്കാനും വസ്ത്രങ്ങൾ വാങ്ങാനും അസ്മ കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു. ലോകമെമ്പാടുമുള്ള വിവിധ ബാങ്കുകളിൽ കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപവും വൻകിട കമ്പനികളിലെ ബിസിനസ് പങ്കാളിത്തവും അവർക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അസദിൻ്റെ കുടുംബം ഇരുപതോളം അപ്പാർട്ടുമെൻ്റുകൾ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നൽകാൻ തീരുമാനിച്ചതെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അസദും കുടുംബവും എവിടെയാണ് താമസിക്കുന്നത് എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്കോവ് വിസമ്മതിച്ചു. റഷ്യയിൽ അതിസമ്പന്നർ താമസിക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ബഷാറിനും കുടുംബത്തിനും അപ്പാർട്ടുമെൻ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.