ഹൈഡ്രോളിക്ക് തകരാർ മൂലം എയർ ഇന്ത്യ വിമാനത്തിന് ട്രിച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ കഴിയാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇന്ന് വൈകിട്ട് 5.40ന് ടേക്ക് ഓഫ് ചെയ്ത ഷാർജ വിമാനത്തിനാണ് ആകാശത്തുവെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഉടൻ തന്നെ തിരിച്ചിറക്കാൻ നോക്കിയെങ്കിലും വിമാനത്തിൽ ഇന്ധനം തീരാൻ വേണ്ടി വീണ്ടും വട്ടമിട്ടു പറക്കുകയായിരുന്നു.
8.20ന് ഷാർജയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു വിമാനം. എന്നാൽ തകരാർ കണ്ടെത്തിയതോടെ തിരിച്ചിറക്കാൻ പദ്ധതിയിടുകയായിരുന്നു. അടിയന്തിര ലാൻഡിങ്ങിനായുള്ള അനുമതി ലഭിച്ചതോടെ വിമാനത്താവള പരിസരത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അമ്പതോളം ആംബുലൻസുകളും നിരവധി അഗ്നിശമനസേനാ യൂണിറ്റുകളും വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചു. എന്നാൽ സുരക്ഷിതമായി എട്ടരയോടെ വിമാനം നിലത്തിറക്കി.
വേണ്ടിവന്നാൽ ബെല്ലി ലാൻഡിങ്ങിനും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇത്തരം ലാൻഡിങ്ങിന് അനുമതി നൽകാറുള്ളൂ. ലാൻഡിങ് ഗിയറുകൾ തുറക്കാതെ വിമാനം ലാൻഡ് ചെയ്യിക്കുന്ന രീതിയാണ് ബെല്ലി ലാൻഡിങ്. ഇവ റൺവേയിൽ നിന്നും മാറി, ഇരുവശത്തുമായുള്ള പുല്ലുകൾ നിറഞ്ഞ പ്രദേശത്തും മറ്റുമായി ഹാർഡ് ലാൻഡിംഗ് ചെയ്യിക്കുന്ന രീതിയാണ്. ഈ ലാൻഡിങ് രീതിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിക്കാനും അതുവഴി അപകടമുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ അവ ആവശ്യമായി വന്നില്ല എന്നത് ട്രിച്ചിയിൽ ആശ്വാസമായി.