വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിൽ ഡോണൾഡ് ട്രംപിനെ തോല്പിക്കാൻ കഴിയുമായിരുന്നെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ, പ്രായം പരിഗണിച്ചാണു പിന്മാറിയെന്ന് യുഎസ്എ ടുഡേയ്ക്കു നല്കിയ അഭിമുഖത്തിൽ എൺപത്തിരണ്ടുകാരനായ ബൈഡൻ പറഞ്ഞു.
വീണ്ടും മത്സരിക്കാനിറങ്ങിയ ട്രംപിനെ തോൽപ്പിക്കാൻ കഴിയുമെന്നാണു കരുതിയത്. എന്നാൽ ഇനിയൊരു നാലുവർഷം കൂടി ഭരിക്കാനുള്ള സ്റ്റാമിന എനിക്കുണ്ടെന്നു തോന്നുന്നില്ലെന്നു ബൈഡൻ പറഞ്ഞു.
പടിയിറങ്ങാൻ ദിവസങ്ങൾ ശേഷിക്കേ, ക്രിമിനൽ കേസുകൾ നേരിട്ടിരുന്ന മകൻ ഹണ്ടറിന് മാപ്പു നല്കിയതിനെ ബൈഡൻ ന്യായീകരിച്ചു. ട്രംപിന്റെ എതിരാളികൾക്കെല്ലാം മാപ്പുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ജയത്തിനുശേഷം കൂടിക്കാഴ്ചയ്ക്കെത്തിയ ട്രംപിനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തന്റെ ഭരണകാലത്ത് അമേരിക്കയുടെ സാന്പത്തികനില മെച്ചപ്പെട്ടുവെന്നാണു ട്രംപ് കരുതുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.