വാഷിംഗ്ടൺ: കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വിതച്ചതു വലിയ നാശം. മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടുവെന്നാണു വിവരം.
ലോസ് ആഞ്ചലസിന്റെ കേന്ദ്രഭാഗത്തുള്ള ഹോളിവുഡ് ഹിൽസിലായിരുന്നു കാട്ടുതീയുടെ തുടക്കം. ഹോളിവുഡ് ഹിൽസിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സിനിമാവ്യവസായ കേന്ദ്രമായ ഹോളിവുഡിലുള്ളവരോടു മുൻകരുതലെന്ന നിലയിൽ ഒഴിഞ്ഞുപോകാൻ നിർദേശം നൽകി.
ഇറ്റലിയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ പ്രസിഡന്റ് ബൈഡൻ, കാട്ടുതീ ദുരന്തത്തെ മഹാദുരന്തമായി പ്രഖ്യാപിച്ചു. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്നിരക്ഷാസേനാംഗങ്ങളെ ഹീറോകളായി വാഴ്ത്തുന്നതായും ബൈഡൻ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി.