വാഷിംഗ്ടൺ സംസ്ഥാനത്തെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുപത് വലിയ പൂച്ചകളും – ഒരു ബംഗാൾ കടുവയും നാല് കൂഗറുകളും ഉൾപ്പെടെയുള്ള ജീവികൾ  പക്ഷിപ്പനി ബാധിച്ച് ചത്തതായി റിപ്പോർട്ട്.

“ഈ ദുരന്തം ഞങ്ങളുടെ ടീമിനെ ആഴത്തിൽ ബാധിച്ചു, ഈ മൃഗങ്ങളുടെ നഷ്ടത്തിൽ ഞങ്ങൾ എല്ലാവരും ദുഃഖിക്കുന്നു,” എന്നാണ് വാഷിംഗ്ടണിലെ വൈൽഡ് ഫെലിഡ് അഡ്വക്കസി സെൻ്റർ ഫേസ്ബുക്കിലൂടെ ദുഃഖകരമായ വിവരം പങ്കുവച്ചത്.

കാട്ടുപക്ഷികൾ കാരണമുണ്ടാകുന്ന വൈറൽ അണുബാധ, പ്രാഥമികമായി ശ്വാസകോശ സ്രവങ്ങളിലൂടെയും പക്ഷി-പക്ഷി സമ്പർക്കത്തിലൂടെയും പടരുന്നു, പക്ഷികളിൽ നിന്നും  സസ്തനികൾക്കും ഇത് ബാധിക്കാം. മൃഗസംരക്ഷണ കേന്ദ്രം ക്വാറൻ്റൈനിലാണെന്നും വൈറസ് പടരാതിരിക്കാൻ പൊതുജനങ്ങൾക്കായി അടച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നവംബർ അവസാനത്തിനും ഡിസംബർ പകുതിയ്ക്കും ഇടയിലാണ് മൃഗങ്ങൾ ചത്തതെന്ന് സാങ്ച്വറി ഡയറക്ടർ മാർക്ക് മാത്യൂസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. “ഞങ്ങൾക്ക് അത്തരത്തിലുള്ള ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണയായി മൃഗങ്ങൾ വാർദ്ധക്യം മൂലമാണ് മരിക്കുന്നത്, ഇത് വളരെ മോശമായ വൈറസാണ്.” എന്നും അദ്ദേഹം പറഞ്ഞു. 

യുഎസിലെ കന്നുകാലികൾക്കും കോഴികൾക്കും ഇടയിൽ പക്ഷിപ്പനി പടരുന്നത് തുടരുന്നതിനിടയിലാണ് ഈ വാർത്ത വരുന്നത് എന്നതാണ് ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യം.

അഞ്ച് ആഫ്രിക്കൻ സെർവൽ പൂച്ചകൾ, നാല് ബോബ്കാറ്റുകൾ, രണ്ട് കാനഡ ലിങ്ക്സ്, ഒരു ബംഗാൾ കടുവ എന്നിവയെ നഷ്ടപ്പെട്ടതായി വന്യജീവി സങ്കേതം അറിയിച്ചു. 17 പൂച്ചകൾ മാത്രമാണ് ഇപ്പോൾ കേന്ദ്രത്തിൽ അവശേഷിക്കുന്നത്.

പക്ഷിപ്പനി യുഎസിലെ കോഴികളെ ബാധിച്ചിട്ടുണ്ട്. എന്നാൽ മാർച്ചിലാണ് യുഎസിൽ ആദ്യമായി കന്നുകാലികളെ ഈ വൈറസ് ബാധിക്കാൻ തുടങ്ങിയത്. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കനുസരിച്ച്, 2024 ഏപ്രിൽ മുതൽ, യുഎസിൽ മൊത്തം 61 പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള അപകടസാധ്യത കുറവാണെന്നും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് സംക്രമണം നടന്നിട്ടില്ലെന്നും സിഡിസി പറയുന്നു.