ഓസ്‌ട്രേലിയയിൽ അഞ്ച് കൊറിയൻ സ്ത്രീകളെ ആസൂത്രിതമായി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ‘ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി’ നേതാവിന് 40 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതിൽ 30 വർഷം പരോളില്ലാത്ത തടവാണ്. ബാലേഷ് ധൻഖറിന് (43) ആണ് ഡൗണിംഗ് സെൻ്റർ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷ വിധിച്ചത്.
ജോലിക്കായുള്ള വ്യാജ പരസ്യങ്ങൾ നൽകി സ്ത്രീകളെ സിഡ്‌നിയിലെ വീട്ടിലേക്കോ അടുത്തുള്ള സ്ഥലങ്ങളിലേക്കോ വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് നൽകിയാണ് ധൻഖർ ബലാത്സംഗം ചെയ്തതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇയാൾ സ്ത്രീകളെ മയക്കിയ ശേഷം ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ 21-നും 27-നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവസമയത്ത് ഇവർ ഒന്നുകിൽ ബോധരഹിതരായിരുന്നു അല്ലെങ്കിൽ എതിർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു’, അഞ്ച് യുവതികൾക്കെതിരെ ദീർഘകാലം ആസൂത്രണം ചെയ്ത് ആക്രമണം നടത്തിയതിന് സമാനമായാണ് പ്രതിയുടെ പെരുമാറ്റമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ജോലിക്കായുള്ള വ്യാജ പരസ്യങ്ങളിൽ അപേക്ഷിക്കുന്ന സ്ത്രീകളെ സൗന്ദര്യത്തിൻ്റെയും കഴിവിൻ്റെയും അടിസ്ഥാനത്തിൽ വിലയിരുത്തി കമ്പ്യൂട്ടറിൽ എക്‌സൽ ഷീറ്റ് തയ്യാറാക്കിയിരുന്നു. ഓരോ സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും അവരുടെ ബലഹീനതകളും പദ്ധതികൾക്ക് അവരെ എങ്ങനെ ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയിരുന്നുവെന്നും കേസ് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി പിന്തുണയുള്ള സംഘടനയുടെ സ്ഥാപകനെന്ന നിലയിൽ ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ധൻഖർ, ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ വക്താവുമായിരുന്നു. എബിസിയിൽ ഡാറ്റാ വിഷ്വലൈസേഷൻ കൺസൾട്ടൻ്റായും ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ, ടൊയോട്ട, സിഡ്‌നി ഡ്രെയിൻസ് തുടങ്ങിയ പ്രമുഖ കമ്പനികളിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. 2018-ൽ അഞ്ചാമത്തെ സ്ത്രീയെ വലയിലാക്കിയപ്പോഴാണ് ധൻഖർ അറസ്റ്റിലാകുന്നത്. 2023-ൽ 13 ലൈംഗികാതിക്രമ കേസുകൾ ഉൾപ്പെടെ 39 കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ധൻഖറിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബിജെപി നേതാക്കളിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കണമെന്ന സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. ധൻഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.