ഓൺലൈൻ ഫുഡ് ഡെലിവറി ഇന്ന് സർവസാധാരണമായിരിക്കുകയാണ്. പ്രത്യേകിച്ച് തിരക്കേറിയ ജീവിതശൈലിയുള്ളവർക്ക് ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നാൽ ഈ സൗകര്യത്തിനൊപ്പം ഒളിഞ്ഞിരിക്കുന്ന ഒരു അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഓൺലൈൻ ഭക്ഷണ വിതരണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ പലപ്പോഴും പുനരുപയോഗം ചെയ്ത ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത്. എന്നാൽ, ഈ മാലിന്യങ്ങളിൽ അപകടകരമായ ഭാര ലോഹങ്ങളായ ലെഡ്, കാഡ്മിയം, മെർക്കുറി തുടങ്ങിയവയും എൻഡോക്രൈൻ-ഡിസ്രപ്റ്റിംഗ് രാസവസ്തുക്കളും (Endocrine-Disrupting Chemicals – EDC) അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. എൻഡോക്രൈൻ-ഡിസ്രപ്റ്റിംഗ് രാസവസ്തുക്കൾ എന്നത് ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ്. 

ഫോർട്ടിസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. മംഗേഷ് പി കാമത്ത് പറയുന്നതനുസരിച്ച്, ഈ വിഷകരമായ ഘടകങ്ങൾ ഭക്ഷണത്തിലേക്ക്, പ്രത്യേകിച്ച് കൊഴുപ്പുള്ളതോ അസിഡിറ്റിയുള്ളതോ ആയ ഭക്ഷണങ്ങളിലേക്ക് എളുപ്പത്തിൽ കലരാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വെളുത്ത പ്ലാസ്റ്റിക് പാത്രങ്ങളും പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിലും അവ വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കറുത്ത പാത്രങ്ങളെ അപേക്ഷിച്ച് ഇവ താരതമ്യേന സുരക്ഷിതമാണ്. കുറഞ്ഞ ചിലവാണ് കറുത്ത പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കാനുള്ള പ്രധാന കാരണം.

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ ആശങ്ക. ഈ പാത്രങ്ങളിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) എന്ന കാർസിനോജനുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറ്, കരൾ, വൃക്ക എന്നിവിടങ്ങളിലെ കാൻസറിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 

കറുത്ത പ്ലാസ്റ്റിക്കിൽ കാണപ്പെടുന്ന ബെൻസോപൈറീൻ എന്ന ഉയർന്ന വിഷാംശമുള്ള സംയുക്തമാണ് പ്രധാന പ്രശ്നമെന്ന് എച്ച്‌സി‌ജി കാൻസർ സെന്ററിലെ കൺസൾട്ടന്റ് ജിഐ റോബോട്ടിക് സർജൻ ഡോ. പ്രഭു നെസർഗിക്കറെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു. ഇത് വയറ്, കരൾ, വൻകുടൽ എന്നിവിടങ്ങളിലെ കാൻസറിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്. 

ഭക്ഷണ സുരക്ഷാ പരിശോധനയിൽ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല. കുറഞ്ഞ അളവിൽ ദീർഘകാലം ഈ രാസവസ്തുവിന്റെ സാന്നിധ്യമുണ്ടായാൽ പോലും ഡിഎൻഎക്ക് കേടുപാടുകൾ സംഭവിക്കുകയും കാൻസറിന് കാരണമാവുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു.

പുനരുപയോഗ സമയത്ത് ചേർക്കുന്ന ഒരു വസ്തുവാണ് കാർബൺ ബ്ലാക്ക്. ഇത് മനുഷ്യരിൽ കാൻസറിന് കാരണമാകാമെന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) കണ്ടെത്തിയിട്ടുണ്ട്. കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഉണ്ടാകുന്ന മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും ആരോഗ്യത്തിന് ദോഷകരമാണ്. ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുകയും രക്തത്തിൽ കലർന്ന് ക്രമേണ ശരീരത്തിലെ വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളുടെ വ്യാപകമായ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മലിനീകരണ നിയന്ത്രണ ബോർഡ് പോലുള്ള അധികാരികൾ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തെ മുൻനിർത്തി സുരക്ഷിതമായ പാക്കേജിംഗ് രീതികൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഓൺലൈൻ ഭക്ഷണത്തിന്റെ കറുത്ത പാത്രങ്ങൾ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ആയതിനാൽ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.