ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാത്ത സംഭവത്തിൽ വ്യവസായി ബോബി ചെമ്മണൂർ ഹൈകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ നാക്കുപിഴ സംഭവിച്ചതാണെന്നും ബോബിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോബിയുടെ മാപ്പപേക്ഷ കോടതി സ്വീകരിക്കുകയും കേസ് തീർപ്പാക്കുകയും ചെയ്തു.
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതും തുടർന്ന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളും കോടതിയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്‌തു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തുടർന്ന് ബോബിയുടെ അഭിഭാഷകൻ കോടതിയിൽ നേരിട്ടെത്തി ക്ഷമാപണം നടത്തുകയും ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇനി മേലാല്‍ വായ തുറക്കില്ലെന്നും ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബോബി കോടതിയെ വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി വിമർശിച്ചു. മറ്റ് തടവുകാരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതിനെയും കോടതി വിമർശിച്ചു. ഒളിമ്പിക് മെഡൽ കിട്ടിയ പോലെയാണ് ബോബി ചെമ്മണ്ണൂർ പെരുമാറിയതെന്ന കോടതിയുടെ വിമർശനവും ശ്രദ്ധേയമായി.