നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുറിയിൽ വെച്ച് ജാമ്യം തള്ളിയത് അറിഞ്ഞ് തല കറങ്ങിയ ബോബി ചെമ്മണ്ണൂർ വർഷങ്ങൾക്ക് മുമ്പ് ജയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിച്ചയാളായിരുന്നുവെന്ന് കേട്ടാൽ വിശ്വാസിക്കാനാവില്ല. എന്നാൽ ഇപ്പോൾ ബോബി ചെമ്മണ്ണൂർ ജയിൽപ്പുള്ളിയായി ജീവിച്ച സമയത്തെ ചിത്രങ്ങൾ ഒരിക്കൽ കൂടി വൈറലായിരിക്കുകയാണ്. 

2018 ല്‍ തെലങ്കാനയുടെ ഫീല്‍ ദി ടൂറിസം പദ്ധതിയുടെ ഭാഗാമായാണ് സംഗറെഡി ഹെറിറ്റേജ് ജയിലില്‍ കഴിയാന്‍ ബോബി ചെമ്മണ്ണൂരിന് അവസരം ലഭിച്ചത്. 500 രൂപ ഫീസ് അടച്ചാണ് അന്ന് ബോബി ചെമ്മണ്ണൂര്‍ ഫീല്‍ ദി ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായത്. 

സാധാരണ തടവുകാരെ പോലെ വേഷം ധരിച്ച്, അവര്‍ കഴിക്കുന്ന ഭക്ഷണവും കഴിച്ച്, തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള ജോലിയും ചെയ്താണ് ബോബി ചെമ്മണ്ണൂര്‍ ഈ ആഗ്രഹം നിറവേറ്റിയത്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹമാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് പിന്നിലെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.