സ്കൂൾ വിദ്യാർഥിനികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ‘ബാഡ് ഗേൾ’ എന്ന തമിഴ് സിനിമ നിരോധിക്കാൻ ആവശ്യം. നാടാർ സംഘവും തമിഴ്നാട് ബ്രാഹ്മണ അസോസിയേഷനുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നൽകിയത്. ഇത് സംബന്ധിച്ച് ബ്രാഹ്മണ അസോസിയേഷൻ ചിത്രത്തിന്റെ നിർമ്മാതാവ് വെട്രിമാരന് വക്കീൽ നോട്ടീസയച്ചു.

ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ ‘ബാഡ് ഗേളി’നെതിരേ വിമർശനം ശക്തമായിരുന്നു. ടീസറിൽ സ്കൂൾകുട്ടികളെ വളരെ മോശപ്പെട്ടരീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നാടാർ സംഘം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ യുവതലമുറ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതും മദ്യപിക്കുന്നതും സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുമായ രംഗങ്ങൾ ഉണ്ടെന്നും ഇത് രക്ഷിതാക്കളെ ഏറെ വേദനപ്പെടുത്തുന്നതാണെന്നും നാടാർ അസോസിയേഷൻ ആരോപിച്ചു.

സിനിമയിലെ നായിക തെറ്റായവഴിയിൽ സഞ്ചരിക്കുന്ന ബ്രാഹ്മണ വിദ്യാർഥിയാണെന്നും സമുദായത്തെ മനഃപൂർവം അപമാനിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ബ്രാഹ്മണ അസോസിയേഷൻ ആരോപിച്ചു. ഇത് വിദ്യാർഥികൾക്കിടയിൽ ബ്രാഹ്മണവിഭാഗം പരിഹസിക്കപ്പെടാൻ ഇടയാക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള വിഭജനത്തിനും കാരണമാകുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

സ്ത്രീകളെ അമ്മയായും ദൈവങ്ങളായും കാണുന്ന തമിഴ്നാട്ടിൽ ഇത്തരം സാംസ്കാരിക അവഹേളനമുണ്ടാക്കുന്ന സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംവിധായകരായ വെട്രിമാരനും അനുരാഗ് കശ്യപും ചേർന്ന് അവതരിപ്പിക്കുന്ന ‘ബാഡ് ഗേൾ’ സംവിധാനം ചെയ്തിരിക്കുന്നത് വർഷ ഭരത് ആണ്. വർഷയുടെ കന്നിച്ചിത്രം കൂടിയാണിത്. സിനിമയുടെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നേരത്തെ നിർമാതാവ് ജി. മോഹൻ ഉൾപ്പെടെ ചിലർ രംഗത്തെത്തിയിരുന്നു.