ബുർക്കിന ഫാസോയിൽ നിരവധി ക്രിസ്ത്യാനികൾ ഉൾപ്പെടെ 150-ലധികം ആളുകളെ ഇസ്ലാമിക ഭീകരർ കൂട്ടക്കൊല ചെയ്തതായി പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിനോട് (എ. സി. എൻ.) പ്രാദേശികവൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ട്. ഒക്‌ടോബർ ആറിന് മന്നി പട്ടണത്തിലാണ് ഭീകരാക്രമണം നടന്നത്.

കഴിഞ്ഞ നിരവധി മാസങ്ങളായി കലാപകാരികൾ അവരുടെ ക്രൂരതയും ഭീകരതയും വളർത്തുന്ന ആക്രമണങ്ങൾ ഇവിടെ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മിന്നി പട്ടണത്തിന്റെ പകുതിയോളം ഇസ്ലാമിക ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. പ്രാദേശിക ക്രിസ്ത്യാനികൾ ഈ ഭീകരാക്രമണത്തെ ‘അതിഭീകരം’ എന്നാണ് വിശേഷിപ്പിക്കുന്നത്. “നിരവധ കൂട്ടക്കൊലകൾക്കിടയിലും ഭീകരർ എല്ലാം കത്തിച്ചിട്ടും ഞങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ അവർക്കു സാധിച്ചിട്ടില്ല” – വിശ്വാസസമൂഹം പറയുന്നു.

ഞായറാഴ്ച കുർബാനയിൽ പങ്കെടുത്തതിനുശേഷം നിരവധി ആളുകൾ തടിച്ചുകൂടിയ ചന്ത ആയിരുന്നു ആക്രമണം നടത്തുന്നതിനായി ആക്രമികൾ ആദ്യം തെരഞ്ഞെടുത്തത്. ആക്രമിക്കുന്നതിനുമുമ്പ് തീവ്രവാദികൾ എല്ലാ ടെലിഫോൺ, ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചിരുന്നു. അടുത്ത ദിവസം ഭീകരർ മടങ്ങിയെത്തി മെഡിക്കൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചികിത്സയിലായിരുന്ന പരിക്കേറ്റവരെ കൊല്ലുകയുമായിരുന്നു. തുടർന്ന്, ഒക്ടോബർ എട്ടിന് അവർ വീണ്ടും ഗ്രാമം കൈയേറി. ഇത്തവണ അവർ കണ്ണിൽക്കണ്ട എല്ലാ പുരുഷന്മാരെയും കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരിൽ പലരും മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും ഇതേ ആക്രമണത്തിൽ പലായനം ചെയ്ത് മന്നിയിൽ അഭയം പ്രാപിച്ചവരാണെന്നും എ. സി. എൻ. റിപ്പോർട്ട് ചെയ്യുന്നു.

“തീവ്രവാദികൾ മുഴുവൻ ജനങ്ങളെയും കൊല്ലുന്നു. നിരവധി ആളുകളെ കൊന്നതിനുശേഷം രാത്രിയാകുന്നതിനുമുമ്പ് ആളുകളെ വീട് വിടാൻ അവർ നിർബന്ധിക്കുന്നു” – ഫാ. ആന്ദ്രേ പോരെ അക്കാലത്ത് പറയുന്നു. ബുർക്കിന ഫാസോയിൽ ആഗസ്റ്റ് അവസാനം സഹേൽ മേഖലയിൽ വലിയ തീവ്രവാദ ആക്രമണമാണ് നടന്നത്. ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഈ ആക്രമണങ്ങളിൽ 400 പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.