തിരുവനന്തപുരം: കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ അജിത് കുമാർ കബളിപ്പിച്ചെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ. സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നായി മുന്നൂറിലധികം പേരിൽനിന്ന് പണം വാങ്ങിയെന്നാണ് പരാതി. കഴിഞ്ഞ മാർച്ചിൽ പണം വാങ്ങിയ അജിത് കുമാർ പിന്നീട് യാതൊരു തരത്തിലും ബന്ധപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു.. അഞ്ച് കോടിയിലധികം രൂപ അജിത് കുമാർ തട്ടിച്ചെന്നാണ് പരാതി.
കാനഡയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു വാഗ്ദാനം. ഇതിനായി ഓരോരുത്തരിൽ നിന്ന് നാല് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ആദ്യം രണ്ട് ലക്ഷം രൂപ അടയ്ക്കണം. പിന്നീട് കാനഡയിൽ എത്തിയതിനുശേഷം ശമ്പളത്തിൽ നിന്ന് ബാക്കി 2 ലക്ഷം രൂപ പിടിക്കും. ഇങ്ങനെ പറഞ്ഞായിരുന്നു അജിത് കുമാർ പണം തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. കാനഡയിലെ സ്ഥാപനങ്ങളിൽ സൂപ്പർവൈസർ, പാക്കിംഗ്, സെയിൽസ്മാൻ തുടങ്ങിയ തസ്തികകളിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നായി നൂറുകണക്കിന് ആളുകളിൽ നിന്ന് അജിത് കുമാർ പണം വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. പലയിടങ്ങളിലായി അജിത് കുമാറിനെതിരെ പണം നൽകിയ ആളുകൾ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ അജിത് കുമാറിനെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
അജിത് കുമാറിന്റെ അക്കൗണ്ടിലേക്കും അദ്ദേഹവുമായി ബന്ധമുള്ളവരുടെ അക്കൗണ്ടിലേക്കും ഉദ്യോഗാർഥികൾ പണം അയച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ ഓഫാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തിട്ടും എഫ്ഐആർ ഇട്ടില്ലെന്ന ആക്ഷേപവും ഉദ്യോഗാർഥികൾക്കുണ്ട്. കോടികളുടെ വിസ തട്ടിപ്പ് നടത്തിയ അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിട്ടുണ്ട്.