കാൻസർ വരാൻ കാരണം ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡർ ഉപയോഗിച്ചതാണെന്നുകാട്ടി കോടതിയെ സമീപിച്ച യുവാവിന് വൻതുക നഷ്ടപരിഹാരം നൽകാൻ വിധി. കണക്ടികട്ട് സ്വദേശിയായ ഇവാൻ പ്ലോട്ട്കിൻ എന്നയാൾക്കാണ് ജോൺസൺ ആൻഡ് ജോൺസൺ 126 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടത്. അപൂർവ അർബുദമായ മെസോതെലിയോമയാണ് ഇവാനെ ബാധിച്ചത്.

വർഷങ്ങളോളം താൻ ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ഉപയോഗിച്ചെന്നും പൗഡർ ശ്വസിച്ചതിലൂടെയാണ് അർബുദം വന്നതെന്നുമാണ് ഇവാൻ ആരോപിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു വൻ തുക നഷ്ടപരിഹാരം വിധിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനൊപ്പം കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ആസ്ബറ്റോസിന്റെ സാന്നിദ്ധ്യമാണ് മെസോതെലിയോമ എന്ന അർബുദത്തിന് കാരണം. ശ്വാസകോശത്തിനൊപ്പം മറ്റ് അവയവങ്ങളെയും ഇത് ബാധിക്കും. മാരക രോഗകാരിയായ ആസ്ബറ്റോസ് അടങ്ങിയ ഒരു ഉത്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഇവാന്റെ അഭിഭാഷകൻ പറയുന്നത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ലോകത്ത് പലയിടത്തും ജോൺസൺ ആൻഡ് ജോൺസൺ നിയമനടപടികൾ നേരിടുന്നുണ്ട്. പലതിനും വൻ തുകയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കമ്പനിയുടെ ഉത്പന്നങ്ങളുടെ ഉപയോഗം അണ്ഡായശ ക്യാൻസറിനും മറ്റ് ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾക്കും കാരണമായെന്ന് ആരോപിക്കുന്ന അറുപതിനായിരത്തിലേറെ പരാതികളാണ് ജോൺസൺ ആൻഡ് ജോൺസണിനെതിരെയുള്ളത്. ഉത്പന്നങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യാപകമായതോടെ 2020ൽ കമ്പനി പൗഡർ അമേരിക്കൻ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ആരോപണങ്ങൾ കമ്പനിയുടെ വിൽപ്പനയെ ദോഷകരമായി ബാധിച്ചിരുന്നു.