വത്തിക്കാന്‍ സിറ്റി: നമ്മുടെ ചിന്തകളും പദ്ധതികളും തീരുമാനങ്ങളും പ്രവര്‍ത്തികളും യേശുവിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ, മെത്രാൻ ശുശ്രൂഷ പരാജയമാണെന്നു സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോപ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ. ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറി മോൺ. സാമുവേൽ സാങ്കല്ലിയുടെയും, അൾജീരിയയിലെ ലാഗൗട്ടിലെ നിയുക്ത മെത്രാൻ ഡിയേഗോ റാമോൺ സാരിയോ കുക്കറെല്ലയുടെയും മെത്രാഭിഷേക ചടങ്ങുകൾ നടന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശുദ്ധമായ ഈ ശുശ്രൂഷ ദൈവത്തോടുള്ള വിശ്വാസത്തിന്റെ പ്രതികരണത്തിൽ വേരൂന്നിയതാവണം. മെത്രാന്മാർ ദൈവത്തിന്റെ പദ്ധതിയുടെ ദാസന്മാരാണെന്ന് ഓര്‍ക്കണമെന്നും കർദ്ദിനാൾ ഓര്‍മ്മിപ്പിച്ചു.

എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട്, ഇടയശുശ്രൂഷ നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാർ അവരുടെ ഉത്തരവാദിത്വങ്ങളോട് എങ്ങനെ നീതി പുലർത്തുവാൻ സാധിക്കും എന്ന ചോദ്യത്തിന്, ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ് അടിസ്ഥാനമെന്ന് കർദ്ദിനാൾ അടിവരയിട്ടു പറഞ്ഞു. വിശ്വാസത്തോടെ ദൈവത്തിന്റെ ആഹ്വാനത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വിശുദ്ധ യൗസേപ്പ്. ആശയക്കുഴപ്പമുണ്ടാക്കുന്നതും, അപമാനകരവുമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്ന അവസരത്തിൽ ദൈവകല്പനകൾക്കനുസരണം തന്റെ ജീവിതത്തെ ക്രമീകരിക്കുന്ന വിശുദ്ധ യൗസേപ്പ് രക്ഷാപദ്ധതിയുടെ പ്രവർത്തനത്തിൽ നിർണായകമായ പങ്കുവഹിക്കുകയാണ് ചെയ്തതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധ യൗസേപ്പിന്റെ ധൈര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും ഉറവിടം വിശ്വാസമാണ്. സഭയിലെ ശുശ്രൂഷ ആരംഭിക്കുന്നത് ദൈവത്തിന്റെ നിഗൂഢമായ തിരഞ്ഞെടുപ്പിൽ നിന്നും, വിളിയിൽ നിന്നുമാണ്. യൗസേപ്പിതാവിന്റെ നിശബ്ദതയും, മെത്രാൻ ശുശ്രൂഷയിൽ ഏറെ വിലപ്പെട്ടതാണ്. തന്റെ നിശബ്ദതയിൽ തിരുക്കുടുംബത്തെ സംരക്ഷിക്കുന്ന വിശുദ്ധ യൗസേപ്പ്, ദൈവീകശുശ്രൂഷയിൽ നാം ഏറ്റെടുക്കേണ്ടുന്ന ഉത്തരവാദിത്വങ്ങൾക്ക് മാതൃകയാണ്. പിൻതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തേണ്ടത് നമ്മുടെ വചനമല്ല, മറിച്ച് ദൈവവചനമായിരിക്കണമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലപ്പോഴും പിതാവായ ദൈവത്തിന്റെ നിഴൽ എന്നാണ് വിശുദ്ധ യൗസേപ്പിനെ വിളിക്കുന്നത്. ഒരു സംരക്ഷകനെന്ന നിലയിൽ, ദൈവം യേശുവിന്റെ യഥാർത്ഥ പിതാവാണെന്നും അവനോട് കണക്കു ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അറിഞ്ഞുകൊണ്ട് യേശുവിനെ നയിക്കാനും പരിപാലിക്കാനും വിശുദ്ധ യൗസേപ്പ് പൂർണ്ണമായും സ്വയം സമർപ്പിക്കുന്നു. ദൈവത്തിന്റെ സജീവ സാന്നിധ്യത്തിന്റെ സംരക്ഷകരാകാൻ വിളിക്കപ്പെട്ടവരാണ് ഓരോ ഡീക്കന്മാരും പുരോഹിതന്മാരും മെത്രാന്മാരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.