ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. മാർച്ച് ഒമ്പതിന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആർച്ചുബിഷപ്പ് എഡ്ഗർ പെന പാരയും ഉണ്ടായിരുന്നു.

“മറ്റ് കാര്യങ്ങൾക്കൊപ്പം, സഭയിലെയും ലോകത്തിലെയും ചില സാഹചര്യങ്ങളെക്കുറിച്ച് മാർപാപ്പയുമായി ചർച്ച ചെയ്തു”- കർദിനാൾ പരോളിനുമായുള്ള സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ അറിയിച്ചു. മാർപാപ്പയ്ക്ക് ഒരാഴ്ചയായി സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയ ആരോഗ്യസ്ഥിതിയിലെ നേരിയ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനം നടത്തപ്പെട്ടത്.

കർദിനാൾ പരോളിനും ആർച്ചുബിഷപ്പ് പെന പാരയും മാർപാപ്പയെ സന്ദർശിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഓക്സിജൻ നൽകുന്നുണ്ടെങ്കിലും മാർപാപ്പ ചികിത്സകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 നാണ് ആശുപത്രിയിൽ പ്രവേശിച്ചത്.