നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. നൈജീരിയയിലെ നെവി കത്തോലിക്കാ രൂപതാ വൈദികനായ ഫാ. തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 26 വ്യാഴാഴ്ച, രാത്രി ഏഴുമണിയോടെ ഒനിത്‌ഷ-ഒവേരി എക്‌സ്‌പ്രസ്‌വേയിൽ ലിയാലയിൽ വച്ച് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
“നെവി സൗത്ത് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എക്വുലുമിലി സ്വദേശിയും ഫാർമസിസ്റ്റുമായ ഫാ. തോബിയാസ്, ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിലെ നഴ്‌സിംഗ്, മിഡ്‌വൈഫറി, മെഡിക്കൽ ലബോറട്ടറി എന്നിവയുടെ മാനേജരായിരുന്നു” – കൊല്ലപ്പെട്ട പുരോഹിതനെക്കുറിച്ച് രൂപതയുടെ ചാൻസലർ ഫാ. റാഫേൽ എസിയോഗു പറയുന്നു. 1984 ആഗസ്റ്റിൽ ജനിച്ച ഫാ. തോബിയാസ്, 2015 ജൂലൈയിൽ വൈദികനായി.
ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്താൽ വലയുകയാണ് നൈജീരിയ. ആക്രമണങ്ങളും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും ഇവിടെ തുടർക്കഥയായി മാറുകയാണ്.