കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയില്‍ പ്രവര്‍ത്തിക്കുന്ന കാംബ്രിഡ്ജ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് സിബിഎസ്ഇ സിലബസ് എടുത്തുമാറ്റാനുള്ള മാനേജ്‌മെൻ്റെിൻ്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. ഈ നീക്കം സ്‌കൂളില്‍ നിലവില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ ആക്കിയിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.

സ്‌കൂള്‍ പാഠ്യപദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി അമേരിക്കന്‍ പാഠ്യപദ്ധതി ഉള്‍പ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിൻ്റെ വിശദീകരണം. ഒരു കാമ്പസിനുള്ളില്‍ ഒന്നിലധികം പാഠ്യപദ്ധതികള്‍ പാടില്ലെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിര്‍ദ്ദേശം ഉള്ളതിനാലാണ് ഇതെന്നും അവര്‍ പറയുന്നു.

നിലവില്‍ സിബിഎസ്ഇ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാർഥികളെ അക്കാദമിക് വര്‍ഷാവസാനത്തോടെ അടുത്തുള്ള തങ്ങളുടെ തന്നെ മറ്റൊരു കാമ്പസിലേക്ക് മാറ്റാനാണ് സ്‌കൂള്‍ മാനേജ്‌മെൻ്റിൻ്റെ തീരുമാനം. വിദ്യാർഥികളെ ഉള്‍ക്കൊള്ളാന്‍ മതിയായ സൗകര്യങ്ങളും സ്ഥലവും അവിടെ ഉണ്ടെന്നും മാനേജ്‌മെൻ്റ് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് എത്രമാത്രം ഫലവത്താകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

പെട്ടെന്ന് സ്‌കൂള്‍ മാറുന്നത് വിദ്യാര്‍ഥികള്‍കള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നാണ് അവരുടെ പക്ഷം. പുതിയ സാഹചര്യങ്ങളുമായി അവര്‍ക്ക് പൊരുത്തപ്പെടാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഇപ്പോള്‍ തന്നെ പല വിദ്യാര്‍ഥികളും ഇതിന്റെ പേരില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അത് അവരുടെ പഠന നിലവാരത്തെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

വിദ്യാര്‍ഥികളുടെ നന്‍മയേക്കാള്‍ സ്ഥാപനത്തിൻ്റെ സാമ്പത്തിക ലാഭത്തിനാണ് മാനേജ്‌മെൻ്റ് മുന്‍ഗണന നല്‍കുന്നതെന്നും അതാണ് പുതിയ സിലബസ് മാറ്റത്തിൻ്റെ പിന്നിലെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. 10 വര്‍ഷത്തോളമായി ഇവിടെ സിബിഎസ്ഇ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. അത് പൊടുന്നനെ എടുത്തുമാറ്റാനുള്ള സ്‌കൂളിന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, സിബിഎസ്ഇ സിബലസ് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടാണ് മാനേജ്‌മെൻ്റിൻ്റേത്.

തങ്ങളുടെ മറ്റൊരു ക്യാമ്പസിലേക്ക് തങ്ങളുടെ കുട്ടികളെ പറഞ്ഞയക്കാന്‍ താല്‍പര്യമില്ലാത്ത മാതാപിതാക്കള്‍ക്ക് അവരെ സ്‌കൂളില്‍ നിന്ന് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് മാറ്റാമെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഈ മാസാവസാനം വരെ സമയം നല്‍കിയതായും മാനേജ്‌മെൻ്റ് അറിയിച്ചു. ഭരണപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെക്കാള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സ്‌കൂള്‍ മുന്‍ഗണന നല്‍കണമെന്ന് മാതാപിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു.