ഗാസയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്മേൽ തനിക്കുള്ള അതിയായ സന്തോഷം ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ചു. ഞായറാഴ്ച്ച വത്തിക്കാൻ ചത്വരത്തിൽ പാപ്പാ നയിച്ച മധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷമാണ്, പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. സമാധാന കരാറിന് മധ്യസ്ഥത വഹിച്ച എല്ലാവരോടും താൻ നന്ദി രേഖപ്പെടുത്തുന്നുവെന്നും, സമാധാനം സ്ഥാപിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നത് മഹത്തരമായ സേവനമാണെന്നും പാപ്പാ പറഞ്ഞു. അതോടൊപ്പം ഈ കരാറിൽ ഏർപ്പെടുവാൻ മനസ് കാണിച്ച ഇരു കക്ഷികൾക്കും പാപ്പാ നന്ദിയർപ്പിച്ചു.

സന്ധിയിൽ സമ്മതിച്ച കാര്യങ്ങളെല്ലാം ഇരു കക്ഷികളും മാനിക്കണമെന്നും, എല്ലാ ബന്ദികളും എത്രയും വേഗം മോചിതരായി അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നതിനും, പ്രിയപെട്ടവരെ കണ്ടുമുട്ടുന്നതിനും സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ പറഞ്ഞു. ഒപ്പം, പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനകളും ഉറപ്പു നൽകി. അതേസമയം ഗാസയിൽ ഇനിയും ഏറെ മാനുഷിക സഹായങ്ങൾ ആവശ്യമാണെന്നും, അവ എത്രയും വേഗം എത്തിച്ചേരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ കൂട്ടിച്ചേർത്തു.

ജൂബിലി വർഷത്തിൻ്റെ ഉദ്ദേശ്യങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കുന്ന വലിയ പ്രതീക്ഷയുടെ  അടയാളമായ ക്യൂബൻ തടവുകാരുടെ മോചനത്തിലും തനിക്കുള്ള സന്തോഷം പാപ്പാ എടുത്തുപറഞ്ഞു. വരും നാളുകളിലും, ജീവിത യാത്രയിൽ ആത്മവിശ്വാസം പകരുന്ന ഇത്തരം വാർത്തകൾ ഉണ്ടാകട്ടെയെന്ന ശുഭാപ്തിവിശ്വാസവും പാപ്പാ പങ്കുവച്ചു. കർത്താവിൻ്റെ എല്ലാ ശിഷ്യന്മാരും തമ്മിലുള്ള സമ്പൂർണ്ണ കൂട്ടായ്മയുടെ അനുഭവത്തിൽ വളരുന്നതിന്, ക്രൈസ്തവ ഐക്യ വാരത്തെയും അതിന്റെ പ്രാധാന്യത്തെയും പാപ്പാ അടിവരയിട്ടു പറഞ്ഞു.