മണിരത്‌നം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച മണിമുത്താണ് അരവിന്ദ് സ്വാമി. ഇപ്പോള്‍ മെയ്യഴകന്‍ എന്ന ചിത്രത്തിലൂടെ പ്രശംസകള്‍ നേടുന്ന അരവിന്ദ് സ്വാമി, ഒരു കാലത്ത് ഈ സ്റ്റാര്‍ഡം താങ്ങാന്‍ കഴിയാതെ ഇന്റസ്ട്രി വിട്ട് പോയ ആളാണെന്ന് എത്ര പേര്‍ക്കറിയാം. അതെ, അതാണ് സത്യം.
മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ തുടക്കം. ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന അരവിന്ദ് സ്വാമി കൊളേജ് പഠനകാലത്ത് മോഡലിങ് ചെയ്തിരുന്നു. അതുവഴിയാണ് തളപതി എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷിക്കാത്ത അത്രയും പ്രശംസയും പേരും അരവിന്ദ് സ്വാമിയെ തേടിയെത്തി.
ആ സമയത്തെ സ്റ്റാര്‍ഡം തനിക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അതിനെ എങ്ങനെ ഹാന്റില്‍ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്തി യു എസ്സിലേക്ക് പോയത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. പക്ഷേ ഇപ്പോള്‍ സ്റ്റാര്‍ഡം എങ്ങനെ ഹാന്റില്‍ ചെയ്യണം എന്നറിയാം എന്നുമാത്രമല്ല, അത് താന്‍ ആസ്വദിക്കുകയും ചെയ്യുന്നു എന്ന് അരവിന്ദ് സ്വാമി പറഞ്ഞു.
ഇന്റസ്ട്രിയില്‍ നിന്ന് മാറി നിന്ന ആ പതിനഞ്ച് വര്‍ഷത്തെ കുറിച്ചും അറവിന്ദ് സ്വാമി സംസാരിക്കുന്നുണ്ട്. 2005 ല്‍ നട്ടെല്ലിന് വലിയൊരു അപകടം സംഭവിച്ചിരുന്നു. അത് കാലുകളെ ബാധിച്ചു, വര്‍ഷങ്ങളോളം കാലിന് ഭാഗിക പക്ഷാഘാതം അനുഭവിച്ചിരുന്നു. എന്റെ ജീവിതത്തിലെ നേട്ടങ്ങളൊന്നും ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല, എല്ലാത്തിനു പിന്നിലും ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ട് എന്നാണ് അരവിന്ദ് സ്വാമി പറഞ്ഞത്.
ഒരു അച്ഛന്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ച സന്തോഷത്തെ കുറിച്ചും അരവിന്ദ് സ്വാമി പറയുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും എനിക്കൊപ്പമായിരുന്നു. പത്ത് വര്‍ഷത്തോളം അവരെ വളര്‍ത്തി വലുതാക്കാന്‍ മാറ്റിവച്ചതില്‍ എനിക്കഭിമാനമുണ്ട്. ഞാന്‍ ഒറ്റയ്ക്കാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇപ്പോള്‍ മകള്‍ക്ക് 19 വയസ്സായി, മകനും അവന്റെ കാര്യങ്ങള്‍ സ്വന്തമായി നോക്കാനുള്ള പക്വതയില്‍ എത്തിയതിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയതത്രെ.