ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ഡിസംബർ 13ന് (വെള്ളിയാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 13നാണ്. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഡിസംബർ എട്ടിന് ഉയർന്നു. 13ന് പുലർച്ചെ നാലു മണിക്ക് നിർമാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽനിന്നു ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.