തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസം ക്ലീൻ കേരള കമ്പനി കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നും വർക്ക് ഷോപ്പുകളിൽ നിന്നും 42,190 കിലോഗ്രാം നിഷ്ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു. ഇതിൽ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്. വിവിധ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെന്‍റ് അടിസ്ഥാനത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. 

പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇന്ധന ഉപയോഗത്തിനായി രാജ്യത്തിന്‍റെ വിവിധ സിമന്റ് ഫാക്ടറികളിൽ എത്തിക്കുന്നു. ഇതിനുവേണ്ടി വിവിധ സിമന്റ് ഫാക്ടറികളുമായി ധാരണയുണ്ടാക്കിയാണ് ക്ലീൻ കേരള കമ്പനി പ്രവർത്തിക്കുന്നത്. കെഎസ്ആർടിസിയിലെ അജൈവ മാലിന്യം നീക്കം ചെയ്യുന്നതു വഴി കെഎസ്ആർടിസിയുടെ അധീനതയിലുള്ള സ്ഥലങ്ങൾ മറ്റ് നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. മാലിന്യമുക്തം നവകേരളം പ്രഖ്യാപനം നടക്കുന്ന മാർച്ച് 30ന് മുമ്പ് തന്നെ പരമാവധി മാലിന്യം നീക്കി കെഎസ്ആർടിസിയെ ഹരിത പദവിയിലേക്ക് ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. 


അതേസമയം, കെഎസ്ആർടിസിയിൽ ബസുകളുടെ വാഷിംഗിനും ക്ലീനിങ്ങിനുമായി ഇ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 
കേരളത്തിലെ എല്ലാ ഡിപ്പോകളിലെയും കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ പ്രതിദിന വാഷിംഗിനും ഫുൾ വാഷിംഗിനുമായി ഒരു വർഷത്തേക്കാണ് ഇ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ള സ്ഥാപനങ്ങൾക്കും  വ്യക്തികൾക്കും ഇ ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകിട്ട് ആറ് മണി.