145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാലാകാലങ്ങളായി അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ഉപയോഗിച്ചിരുന്ന റസല്യൂട്ട് ഡസ്ക്കാണ് ട്രംപ് മാറ്റിയിരിക്കുന്നത്. ട്രംപിന് മുമ്പ് അധികാരത്തിലിരുന്ന ജോ ബൈഡനും ബറാക് ഒബാമയും ഈ മേശയാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഈ മേശയില്‍ വെച്ചാണ് ഒപ്പിട്ടത്. അറ്റകുറ്റ പണികള്‍ക്കായി താല്‍ക്കാലികമായാണ് മേശ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ഇലോണ്‍ മസ്കിന്‍റെ മകന്‍ മൂക്കില്‍ തൊട്ട കൈ മേശയില്‍ തുടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ട്രംപിന്‍റെ മേശ മാറ്റാനുള്ള തീരുമാനം എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലോണ്‍ മസ്കും ഇളയ മകന്‍ എക്സ് ആഷ് എ-12 ഉം വൈറ്റ് ഹൗസില്‍ ട്രംപിനെ കാണാന്‍ എത്തിയപ്പോഴുള്ള വീഡിയോ ആണ് നിലവില്‍ വൈറലായിരിക്കുന്നത്.
മസ്കിന്‍റെ മകന്‍ ട്രംപ് ഇരിക്കുന്നതിന് സമീപം മേശയ്ക്കടുത്ത് നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് കുട്ടി മൂക്ക് തൊട്ട കൈ മേശയില്‍ തുടച്ചു. ഇതോടെ ജെര്‍മോഫോബിയ (രോഗാണുക്കളോടുള്ള അമിത ഭയം) ഉള്ള ട്രംപ് മേശമാറ്റി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആര്‍ട്ടിക് പര്യവേഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന എച്ച് എം എസ് റെസല്യൂട്ട് എന്ന കപ്പലിന്‍റെ തടി ഉപയോഗിച്ചാണ് ഈ മേശ പണിതത്. അതിനാലാണ് റസല്യൂട്ട് ഡെസ്ക് എന്ന് ഈ മേശക്ക് പേരുവന്നത്. ഓക്ക് തടികൊണ്ട് നിര്‍മ്മിച്ച റസല്യൂട്ട് ഡസ്ക് വിക്ടോറിയ രാജ്ഞി 1880 ല്‍ പ്രസിഡന്‍റ് റൂഥര്‍ഫോര്‍ഡ് ബി ഹെയ്സിന് സമ്മാനിച്ചതാണ്.