ഡൗൺലോഡിന്റെ  കാര്യത്തിൽ ഇൻസ്റ്റാഗ്രാമിനെയും ടിക് ടോക്കിനെയും മറികടന്ന് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി. മാർച്ചിൽ 46 ദശലക്ഷം ഡൗൺലോഡുകളുമായി ചാറ്റ് ജിപിടി ലോകത്ത് ഒന്നാമതെത്തി. അനലിറ്റിക്സ് കമ്പനിയായ ആപ്പ് ഫിഗേഴ്‌സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 

ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പുതിയ ടൂൾ ചാറ്റ് ജിപിടിയിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ്  ഡൗൺലോഡുകൾ വർദ്ധിച്ചത്. ഗിബ്ലി ശൈലിയിലുള്ള സ്റ്റുഡിയോ ആർട്ട് സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡായി മാറിയതിനാലാണിത്. ദശലക്ഷക്കണക്കിന് ആളുകൾ ഈ സവിശേഷത പരീക്ഷിക്കാൻ ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്.

മാര്‍ച്ചിലെ 4.6 കോടി ഡൗണ്‍ലോഡില്‍ 1.3 കോടി ആപ്പിള്‍ ഫോണുകളിലായിരുന്നു. 3.3 കോടി ആന്‍ഡ്രോയിഡ് ഫോണുകളിലും. ഇന്‍സ്റ്റഗ്രാമിനും ഇതിനടുത്തുതന്നെ ഡൗണ്‍ലോഡ് ഉണ്ടായി. ഐഫോണുകളില്‍ 50 ലക്ഷവും ആന്‍ഡ്രോയിഡ് ഫോണുകളില്‍ 4.1 കോടിയുമായിരുന്നു  ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ്. ടിക് ടോകിന് 4.5 കോടി ഡൗണ്‍ലോഡ് ലഭിച്ചു. ചാറ്റ് ജിപിടിയുടെ ഡൗണ്‍ലോഡില്‍ വലിയ വര്‍ധനയാണ് ഏതാനും മാസമായി രേഖപ്പെടുത്തുന്നത്. മാര്‍ച്ചില്‍ ഫെബ്രുവരിയിലെക്കാള്‍ 28 ശതമാനം കൂടി. 2024 ജനുവരി-മാര്‍ച്ച് കാലയളവുമായി താരതമ്യംചെയ്താല്‍ 2025-ല്‍ 148 ശതമാനം വരെയാണ് വര്‍ധനയെന്നും ആപ്പ് ഫിഗേഴ്‌സ് പറയുന്നു.