കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും പതിനൊന്ന് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.

അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ മൂസ ഹാജി ചരപ്പറമ്പില്‍, ബഷീര്‍ അടക്കമുള്ള ഡയറക്ടര്‍മാര്‍ നിക്ഷേപകരെ പറഞ്ഞു പറ്റിച്ച് കോടികള്‍ തട്ടി എന്നാണ് കേസ്. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ ഡി നടപടി. 

 രണ്ട് സ്ഥാപനങ്ങളുടേയും വിവിധ അക്കൗണ്ടുകളിലായുള്ള 52.34 ലക്ഷം രൂപ ഇ ഡി മരവിപ്പിച്ചു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡില്‍ കമ്പനിയുടെ സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു.

അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ ‘അപ്പോളോ ഗോള്‍ഡ്’ എന്ന നിക്ഷേപ പദ്ധതി വഴിയായിരുന്നു തട്ടിപ്പെന്നാണ് ഇ ഡി പറയുന്നത്. പദ്ധതിയില്‍ നിക്ഷേപിക്കുന്ന ഓരോ ഒരു ലക്ഷം രൂപയ്ക്കും ആയിരം വീതം പലിശ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഒരു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപകര്‍ക്ക് തുക പൂര്‍ണമായി പിന്‍വലിക്കാം. പദ്ധതിയില്‍ 12 മാസത്തിനു ശേഷവും നിക്ഷേപം തുടരുന്നവര്‍ക്ക് അപ്പോളോ ജ്വല്ലറിയില്‍ നിന്നുള്ള ലാഭവിഹിതം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ഈ വാഗ്ദാനങ്ങള്‍ സ്ഥാപനം പാലിച്ചു. എന്നാല്‍ പിന്നീട് നിക്ഷേപ തുകയോ പലിശയോ നല്‍കാതായതോടെ നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.