ലോകത്തിൽ അനുവർഷം അക്രമത്തിൽ മരണമടയുന്ന കുട്ടികളുടെ സംഖ്യ ശരാശരി 1 ലക്ഷത്തി 30000 വരുമെന്ന് ഐക്യരാഷ്ടട്രസഭയുടെ ശിശുക്ഷേമനിധി- യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

അക്രമം ഓരൊ 4 മിനിറ്റിലും ഒരു കുഞ്ഞിൻറെ ജീവനപഹരിക്കുന്നുണ്ടെന്ന് യൂണിസെഫ് പറയുന്നു. അതു പോലെതന്നെ ഇന്ന് ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളിൽ 9 കോടിയോളംപേർ ലൈംഗികാതിക്രമത്തിന് ഇരകളായവരാണെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

കുട്ടികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു മന്ത്രിതല സമ്മേളനം കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടായിൽ നടക്കാൻപോകുന്ന പശ്ചാത്തലത്തിലാണ് യൂണിസെഫ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ലോകമെമ്പാടും വ്യാപകമായിരിക്കുന്ന കുട്ടികൾക്കെതിരായ ആക്രമണങ്ങൾക്ക് അറുതിവരുത്തുന്നുതിന് വേണ്ട നടപടി സ്വീകരിക്കേണ്ടത് അടിയന്തിരമാണെന്ന് ഈ സംഘടന പറയുന്നു. കുട്ടികൾക്കെതിരെ നടക്കുന്ന ശാരീരികമോ, വൈകാരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾ ആഗോള പ്രശ്നമാണെന്നും, അത് ഭവനങ്ങളിലും, വിദ്യാലയങ്ങളിലും സമൂഹങ്ങളിലും ഇൻറർനെറ്റിലും നടക്കുന്നുണ്ടെന്നും യൂണിസെഫ് വ്യക്തമാക്കുന്നു.