വീണ്ടും ഒരു ക്രിസ്മസ് കൂടി സമാഗതമായിരിക്കുന്നു. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെന്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയാണ്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. ലോകമെമ്പാടും പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി.
ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
ആസ്ട്രേലിയയിൽ ആണ് ക്രിസ്മസ് ദിന പ്രാർത്ഥനകൾക്ക് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളിലെ സമയ ക്രമയത്തിനനുസരിച്ച് പ്രാർത്ഥനകളും ആഘോഷങ്ങളും നടന്നു വരുന്നു. സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബ്ബാനയും പ്രാർത്ഥനകളും നടന്നു.
കോട്ടയം പഴയ സെമിനാരിയിൽ നടന്ന എൽദോ പെരുന്നാൾ ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുർബാനക്ക് കര്‍ദ്ദിനാള്‍ മാർ ജോർജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാന നിർവഹിച്ചു. വയനാട് ദുരന്തം പരാമർശിച്ച അദ്ദേഹം മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസം ഇനിയും വിദൂരമായി തുടരുകയാണെന്നും ഈ ഘട്ടത്തില്‍ സത്രത്തില്‍ സ്ഥലം നിഷേധിക്കപ്പെട്ട ഉണ്ണി യേശുവിന്റെ തിരുപ്പിറവി ഓർക്കണമെന്നും വിശ്വാസികളോട് പറഞ്ഞു.
കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്ബിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുർബാന നടന്നു. എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിലും സ്നേഹ സന്ദേശവുമായി പാതിരാ കുർബാന നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പാതിരാ കുർബാനയില്‍ പങ്കെടുത്തത്.
കേരളത്തിലും ക്രിസ്മസിനോട് ആഘോഷം പുരോഗമിക്കുകയാണ്. ക്രിസ്മസിന്റെ സന്തോഷം പങ്കിടാന്‍ സ്‌നേഹ മധുരവുമായി വൈദികര്‍ പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമ മാത ചര്‍ച്ചിലെ വികാരി ഫാ. സെബാസ്റ്റ്യന്‍ ചെമ്പും കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ക്രിസ്മസ് കേക്ക് സമ്മാനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ഊരകം സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജോസഫ് പാലക്കാടനും പള്ളി ഭാരവാഹികളും സന്നിഹിതരായിരുന്നു. പാണക്കാട് സ്വാദിഖലി തങ്ങളാണ് അതിഥികളെ സ്വീകരണ മുറിയില്‍ സല്‍ക്കരിച്ചിരുത്തിയത്. ഇരുവരും ക്രിസ്തുമസ് ആശംസകള്‍ കൈമാറി.
ആഴ്ചവട്ടത്തിന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ചീഫ് എഡിറ്റർ ഡോ. ജോർജ്സ് എം കാക്കനാട്ടിന്റെയും എഡിറ്റോറിയൽ ടീമിന്റെയും ക്രിസ്മസ് ആശംസകൾ.