മഡ്രിഡ്: 20 വർഷം നീണ്ട ഗവേഷണത്തിന് ശേഷം സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫർ കൊളംബസിന്റെതാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കൻ ഭൂഖണ്ഡങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇറ്റാലിയൻ നാവികനാണ് കൊളംബസ്. 1506ൽ മരണപ്പെട്ട കൊളംബസിനെ ചുറ്റിപ്പറ്റിയുള്ള 500 വർഷം പഴക്കമുള്ള നിഗൂഢതയാണ് ഡി.എൻ.എ പരിശോധനയിലൂടെ ചുരുളഴിഞ്ഞത്.

കൊളംബസിന്റെ ഡി.എൻ.എയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡി.എൻ.എയും തമ്മിൽ ഫോറൻസിക് സയൻസ് വിദഗ്ധൻ താരതമ്യം ചെയ്യുകയായിരുന്നു. പരിശോധിച്ചപ്പോൾ ഡി.എൻ.എ സാംപിളുകൾ തമ്മിൽ വളരെയധികം സാമ്യം കണ്ടെത്തി. പലതവണ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതിനാൽ കൊളംബസിന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ ആധുനിക സാ​േങ്കതിക വിദ്യയുപയോഗിച്ച് അത് സാധ്യമായിരിക്കുന്നു. സെവില്ലെ കത്തീഡ്രലിൽ കണ്ടെത്തിയ അവിശിഷ്ടങ്ങൾ കൊളംബസിന്റെതാണെന്ന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നു. -അന്വേഷണത്തിന് നേതൃത്വംവഹിച്ച ഫോറൻസിക് സയന്റിസ്റ്റ് മിഗ്വായേൽ ലോ​റന്റെ പറഞ്ഞു.

സെവില്ലെയിലെ ശവകുടീരം കൊളംബസിന്റെ വിശ്രമസ്ഥലമായി സൈദ്ധാന്തികർക്കിടയിൽ പ്രചാരമുണ്ടായിരുന്നു. എന്നാൽ 2003 ൽ ലോറന്റെക്കും ചരിത്രകാരനായ മാർഷ്യൽ കാസ്‌ട്രോയ്ക്കും മാത്രമേ അത് തുറന്ന് തിരിച്ചറിയാനാകാത്ത അസ്ഥികൾ പര്യവേക്ഷണം ചെയ്യാൻ കഴിഞ്ഞുള്ളൂ.

കൊളംബസിന്റെ സഹോദരൻ ഡീഗോ, മകൻ ഹെർണാണ്ടോ എന്നിവരുടെ ഡി.എൻ.എകളാണ് പരിശോധനക്കായി ശേഖരിച്ചത്. അക്കാലത്ത്, ചെറിയ ജനിതക വസ്തുക്കളിൽ നിന്ന് കൃത്യമായ ഫലങ്ങൾ നൽകാൻ ഡി.എൻ.എ വിശകലനം വേണ്ടത്ര പുരോഗമിച്ചിരുന്നില്ല. സെവില്ലെ കത്തീഡ്രലിൽ അടക്കം ചെയ്യപ്പെട്ട കൊളംബസിന്റെ സഹോദരൻ ഡീഗോയുടെയും മകൻ ഹെർണാണ്ടോയുടെയും ഡി.എൻ.എ ഉപയോഗിച്ച് ഗവേഷകർക്ക് കാലക്രമേണ ശക്തമായ സാമ്യം കണ്ടെത്താൻ കഴിഞ്ഞു.