യു.എസിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം അവകാശമാക്കുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യാൻ 22 യു.എസ് സംസ്ഥാനങ്ങൾ. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിരവധി എക്‌സിക്യുട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ജന്മാവകാശ പൗരത്വ സംവിധാനവും ട്രംപ് റദ്ദാക്കിയത്. ട്രംപിന്റെ തീരുമാനം യു.എസ് ഭരണഘടന ലംഘനമെന്ന് ആരോപണമുയർന്നിരുന്നു.

ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യുന്നത്. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേർന്ന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രസിഡന്‍റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും അദ്ദേഹം രാജാവല്ലെന്നാണ് തീരുമാനത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്‍റിന് ഒരു പേന കൊണ്ട് നിഷ്പ്രയാസം എഴുതിവെക്കാവുന്ന ഒന്നല്ല 14ാം ഭരണഘടനാ ഭേദഗതിയെന്ന് ന്യൂജഴ്സി അറ്റോണി ജനറൽ മാറ്റ് പ്ലാറ്റ്കിൻ പറഞ്ഞു.

അതേസമയം, സംസ്ഥാനങ്ങളുടെ നീക്കത്തെ കോടതിയിൽ നേരിടാൻ തയാറാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്‍റിന്‍റെ തീരുമാനങ്ങളിൽ ഇടതുപക്ഷത്തിനുള്ള എതിർപ്പ് മാത്രമാണിതെന്നും അതിൽ കൂടുതലൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.

യു.എസിൽ ജനിച്ച ഏതൊരാളും ജനനസമയത്ത് പൗരനായി കണക്കാക്കപ്പെടുന്നു എന്ന നിയമം 1868-ൽ യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ നിയമവിരുദ്ധമായി യു.എസിൽ കഴിയുന്നവർക്ക് ഇവിടെ ജനിച്ച കുട്ടികൾക്ക് പൗരത്വ വ്യവസ്ഥ ബാധകമാണോ എന്നതിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല.

ജന്മാവകാശ പൗരത്വം റദ്ദാക്കിയ ട്രംപിന്‍റെ ഉത്തരവ് 30 ഒപ്പുവെച്ചതിന് ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽവരും. അഥവാ, ഫെബ്രുവരി അവസാന വാരത്തോടെ, കുടിയേറ്റക്കാരായ ദമ്പതികൾക്കുണ്ടാകുന്ന (ദമ്പതികളിൽ ഒരാൾ കുടിയേറ്റക്കാരായാലും മതി) കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വം ജന്മത്തിന്റെ പേരിൽ ലഭിക്കില്ല. മെക്സികോ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ഇത് വലിയ തോതിൽ ബാധിക്കും.