പല്ലുകളുടെ ശുചിത്വത്തിൽ മിക്കവരും ശ്രദ്ധാലുക്കളാണ്, എന്നാൽ നാവിന്റെ കാര്യത്തിൽ പലപ്പോഴും അലംഭാവം കാണിക്കാറുണ്ട്. ഇത് നാവിൽ വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് കാഴ്ചയിൽ മോശമാണെന്ന് മാത്രമല്ല, വായയുടെ ആരോഗ്യവുമായി  ബന്ധപ്പെട്ട പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. നാവ് വൃത്തിയാക്കാത്തത് വായിൽ ദുർഗന്ധത്തിന് മാത്രമല്ല, ദഹനവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാം. 

ആയുർവേദ പ്രകാരം, നാവിൽ അടിഞ്ഞുകൂടിയ മാലിന്യം ശരീരത്തിലെ വിഷാംശങ്ങളുടെ സൂചനയാണ്. ഇത് പതിവായി വൃത്തിയാക്കിയില്ലെങ്കിൽ, ഈ വിഷാംശങ്ങൾ ക്രമേണ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, നാവിന്റെ ശുചിത്വം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. രാംഹൻസ് ചാരിറ്റബിൾ ഹോസ്പിറ്റലിലെ ആയുർവേദ ഡോക്ടർ ശ്രേയ ശർമ്മ പറയുന്നതനുസരിച്ച്, നാവിന്റെ മാലിന്യം എങ്ങനെ വൃത്തിയാക്കാമെന്ന് താഴെക്കൊടുക്കുന്നു.

വെളിച്ചെണ്ണ ഉപയോഗിച്ച് കവിൾ കൊള്ളുക 

വെളിച്ചെണ്ണ ഉപയോഗിച്ച് കവിൾ കൊള്ളുന്നത് അഥവാ ഓയിൽ പുള്ളിംഗ് ഒരു പുരാതന ആയുർവേദ പ്രതിവിധിയാണ്, ഇത് നാവിന്റെയും മുഴുവൻ വായുടെയും ശുചിത്വത്തിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയെടുത്ത് 10-15 മിനിറ്റ് വായിൽ കൊപ്പുളിക്കുക. ശേഷം തുപ്പിക്കളഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകുക. ഇത് ബാക്ടീരിയയെ നശിപ്പിക്കുക മാത്രമല്ല, മോണയെ ബലപ്പെടുത്തുകയും ചെയ്യുന്നു. പതിവായ ഓയിൽ പുള്ളിംഗ് വായിലെ ദുർഗന്ധം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നാരങ്ങയുടെയും ഉപ്പിന്റെയും സംയുക്ത ശക്തി

നാരങ്ങയും ഉപ്പും ചേർന്ന മിശ്രിതം നാവിനെ ശുദ്ധീകരിക്കാനുള്ള ഒരു ഫലപ്രദമായ മാർഗമാണ്. നാരങ്ങയിൽ അടങ്ങിയ ആന്റിബാക്ടീരിയൽ ഘടകങ്ങൾ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു, ഉപ്പ് മാലിന്യം നീക്കം ചെയ്യുന്നു. ഒരു സ്പൂൺ നാരങ്ങ നീരിൽ അൽപ്പം ഉപ്പ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം നാവിൽ പുരട്ടി മൃദുവായി തടവുക, ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ഇത് നാവിന് പുതുമ നൽകുന്നു.

ടങ്ങ് സ്ക്രാപ്പർ: ലളിതമായതും ഫലപ്രദമായതും

ടങ്ങ് സ്ക്രാപ്പർ നാവിന്റെ ശുചിത്വത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഉപകരണമാണ്. രാവിലെ പല്ല് തേച്ച ശേഷം, ടങ്ങ് സ്ക്രാപ്പർ ഉപയോഗിച്ച് മൃദുവായി നാവ് വടിക്കുക. ഇത് നാവിൽ അടിഞ്ഞുകൂടിയ ബാക്ടീരിയകളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുന്നു. സ്ക്രാപ്പർ ലഭ്യമല്ലെങ്കിൽ, മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിച്ചും നാവ് വൃത്തിയാക്കാം. ബ്രഷ് ഉപയോഗിച്ച് മൃദുവായി നാവിൽ ഉരസുക, എന്നാൽ കട്ടിയുള്ള ബ്രസിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഇത് നാവിന് പരുക്കേൽപ്പിക്കാൻ സാധ്യതയുണ്ട്.

ജലാംശം: ശരീരത്തിന്റെയും നാവിന്റെയും ഉറ്റ ചങ്ങാതി

ശരീരത്തിന് ജലാംശം എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ പ്രധാനമാണ് നാവിന്റെ ശുചിത്വത്തിനും. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇത് നാവിനെ സ്വാഭാവികമായി ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

ഈ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ നാവിന്റെ ആരോഗ്യം സംരക്ഷിക്കാനും തിളക്കമാർന്ന നാവ് സ്വന്തമാക്കാനും സാധിക്കും. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉന്മേഷത്തിനും ഒരു മുതൽക്കൂട്ടാകും.