തിരുവനന്തപുരം: മണിയാർ പദ്ധതി കരാർ നീട്ടി നൽകുന്നതിനെ അനുകൂലിച്ച് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി അനുകൂല നിലപാട് അറിയിച്ചത്. ‘കാർബോറാണ്ടത്തിന് ആവശ്യമായ വൈദ്യുതി അവർ ഉത്പാദിപ്പിക്കട്ടെ’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രിയെ നിയമസഭയിൽ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തു. ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ കരാർ പുതുക്കുന്നതിനെ അനുകൂലിച്ചു കൊണ്ടായിരുന്നു പിണറായി വിജയൻ മന്ത്രിയെ തിരുത്തി സംസാരിച്ചത്.
പദ്ധതി തിരിച്ചെടുക്കാൻ കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി സഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്തി എഴുന്നേറ്റ് വൈദ്യുതി മന്ത്രിയെ തിരുത്തിയത്. മണിയാർ പദ്ധതിയുടെ കരാർ പുതുക്കുന്നതിൽ വ്യവസായ – വൈദ്യുതി മന്ത്രിമാർ തമ്മിൽ ആശയ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ വ്യക്തത വരുത്തിയത്.
വിഷയം മുൻ പ്രതിപക്ഷനേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല സഭയില്‍ സബ്മിഷനായി ഈ വിഷയം ഉന്നയിച്ചു. ബിഒടി കാലാവധി കഴിഞ്ഞാൽ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി ഏറ്റെടുക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി സഭയിൽ അറിയിക്കുകയും ചെയ്തു. വിഷയത്തിൽ ധനവകുപ്പും – വ്യവസായ വകുപ്പും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയും ചെയ്തു.
അതേസമയം, മണിയാർ പദ്ധതിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല രൂക്ഷവിമർശനമാണ് സഭയിൽ ഉന്നയിച്ചത്. മണിയാർ കരാർ നീട്ടൽ തെറ്റായ നയമാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ഏറ്റെടുക്കണം, എന്തിനാണ് വഴിവിട്ട സഹായം? കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ എന്താണ് തടസമെന്നും ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിനും മറുപടി നൽകി.