അറ്റ്ലാന്റാ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ 21-ാമത് ഭദ്രാസന കോൺഫറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു.
ഭവനങ്ങൾ സാക്ഷ്യത്തിന്റെ ഇടങ്ങൾ ആകണമെന്നും ദൈവാനുഭവങ്ങൾ പുതിയ തലമുറയുമായി പങ്കുവച്ച് വിശ്വാസത്തിലും ക്രിസ്തീയ പാരമ്പര്യത്തിലും പുതിയ തലമുറയെ വാർത്തെടുക്കുവാൻ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്ന് ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ബോധിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറാൾ വെരി റവ.ഡോ. ശ്യാം പി.തോമസ്, റവ. സ്കറിയ വർഗീസ്, റവ. ജേക്കബ് തോമസ്, ജോർജ് പി.ബാബു (ഭദ്രാസന ട്രഷറർ), റവ.ജോബി ജോൺ(ഭദ്രാസന സേവികാ സംഘം വൈസ് പ്രസിഡന്റ്), നോബി ബൈജു (ജനറൽ സെക്രട്ടറി), മേഴ്സി തോമസ് (ട്രഷറർ), സുമാ ചാക്കോ (അസംബ്ലി മെമ്പർ), ബ്ലെസി ഫിലിപ്പ് (കോൺഫറൻസ് ജനറൽ കൺവീനർ) എന്നിവർ സംസാരിച്ചു.
ഈ മാസം മൂന്നിന് വ്യാഴാഴ്ച വൈകിട്ട് അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ തുടക്കം കുറിച്ച സമ്മേളനത്തിന് ബംഗളൂരു എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും വികാരി ജനറാളുമായ റവ.ഡോ. ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും ഡോ. മാർത്ത മൂർ കെയ്ഷ്, ആൻസി റെജി മാത്യൂസ്, സൂസൻ സജി എന്നിവർ വിവിധ സെഷനുകൾക്കും നേതൃത്വം നൽകി.
“Live to Leave A Legacy’ എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫറൻസിൽ ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്ന് ഏകദേശം 550ൽ പരം സേവികാ സംഘാഗങ്ങളും അനേക വൈദീകരും പങ്കെടുക്കുത്തു.
അറ്റ്ലാന്റാ മാർത്തോമ്മാ ഇടവക സേവികാസംഘം ആതിഥേയത്വം വഹിച്ച ഈ കോൺഫറൻസ് ഞായറാഴ്ച ആരാധനയോടും വിശുദ്ധ കുർബാന ശുശ്രുഷയോടും കൂടെ സമാപിച്ചു.