ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്ക ഗാന്ധിയെത്തുന്നു എന്നതാണ് ശ്രദ്ധേയം. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ആയതിനാൽ തന്നെ വയനാട് ഇത്തവണയും ദേശീയ ശ്രദ്ധയാകർഷിക്കും. ഷാഫി പറമ്പിലിൻ്റെ വിശ്വസ്തനും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലൂടെ മണ്ഡലം നില നിർത്തുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ  ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിൽ നിന്നും രമ്യ ഹരിദാസ് പരാജയപ്പെട്ടിരുന്നു. സഹതാപ തരംഗവും ലോക്സഭ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നേടിയതും രമ്യക്ക് അനുയോജ്യമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.