പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ചയിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കോഴിക്കോടാണെന്നും ഒരു മാഫിയയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. നിലവിൽ കോഴിക്കോട് ഡിഡിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ചോദ്യപേപ്പർ ചോർന്നതായി സംശയമുണ്ടെന്നും യൂട്യൂബ് ചാനലുകളെ സംശയിക്കുന്നതായും ഡി.ഡി.ഇ. മൊഴി നൽകി.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ വിഷയം കോൺഗ്രസ് ഏറ്റെടുക്കുമെന്നും പ്രത്യക്ഷ സമരം തുടങ്ങുമെന്നും ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പറഞ്ഞു. സി.പി.എം. പ്രവർത്തകരും വിദ്യാഭ്യാസ വകുപ്പിലെ ഇടത് പക്ഷക്കാരും അടുത്തിടെ ഉയർന്ന് വന്ന ട്യൂഷൻ സെൻ്ററും ഉൾപ്പെടുന്നതാണ് ഈ മാഫിയയെന്നുമാണ് കോൺഗ്രസിൻ്റെ ആരോപണം.
അതേസമയം, എം.എസ്. സൊല്യൂഷൻ്റെ വീഡിയോകളിലെ അശ്ലീല പരാമർശങ്ങളിൽ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഡിയോ ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തതിനെ തുടർന്നാണ് കൊടുവളളി പോലീസ് മെറ്റയിൽ നിന്നും വിശദീകരണം തേടിയത്. വീഡിയോകളിൽ അശ്ലീല ഉള്ളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ്. കൊടുവളളി പോലീസിൽ പരാതി നൽകിയിരുന്നു.