ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചെന്ന കോണ്‍ഗ്രസിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 

ഇവിഎമ്മിന്റെ ബാറ്ററി കാല്‍ക്കുലേറ്ററിന്റേത് പോലെയാണെന്നും അതിന് ത്രിതല സുരക്ഷയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഹരിയാനയിലെ വിവിധ പോളിങ് സ്റ്റേഷനുകളിലായി ഇവിഎം ബാറ്ററിയുടെ ചാര്‍ജിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ആറ് മാസം മുമ്പ് മെഷീനുകള്‍ പരിശോധിച്ചിരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

ഇവിഎമ്മുകളെക്കുറിച്ച് 20 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഓരോ പരാതികളോടും വസ്തുതാപരമായി പ്രതികരിക്കുമെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.