പാറശ്ശാല ഷാരോൺ വധക്കേസിൽ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ശുപാർശ. ഇരകൾക്കായുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും ഇത് നൽകണമെന്നാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി ശുപാർശ നൽകിയത്.
കേസിലെ കുറ്റവാളിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തിന് ശുപാർശ നൽകിയത്.
ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തുകയായിരുന്നു.
ഗ്രീഷ്മയെ കൂടാതെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായരേയും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി.
ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം.
ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂൻ്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ വാദം. തൻ്റെ മാതാപിതാക്കളെ നോക്കണമെന്നും അവരുടെ ഏകമകളാണ് താനെന്നുമാണ് ഗ്രീഷ്മ കോടതിയെ ബോധിപ്പിച്ചത്.