കൊച്ചി: ആഭ്യന്തരവകുപ്പിനെ രൂക്ഷമായി പരിഹസിച്ചും മന്ത്രി പി രാജീവിനെ വിമർശിച്ചും സിപിഎം എറണാകുളം ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ. പൊലീസ് സ്റ്റേഷനുകൾ ബിജെപിക്കാരുടെ കയ്യിലായെന്ന് ഒരു വിഭാ​ഗം ആരോപിച്ചു. പാർട്ടിക്കാർക്ക് പൊലീസ് മർദനം ഏൽക്കേണ്ട സാഹചര്യമാണുള്ളത്. പാർട്ടിക്കാരുടെ പരാതികൾ പോലും പൊലീസ് കേൾക്കുന്നില്ല.

വ്യവസായ മന്ത്രി ജില്ലയിലെ തൊഴിൽപ്രശ്നങ്ങളിൽ പോലും ഇടപെടുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. എറണാകുളം ജില്ലയിലെ സിപിഎം സമ്മേളനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ റിപ്പോർട്ട് അവതരണം നടന്നു. ഇന്ന് റിപ്പോർട്ടിൻമേൽ പ്രതിനിധികൾ ചർച്ച ചെയ്യുകയാണ്. അതിലാണ് പ്രധാനമായും ആഭ്യന്തരവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരിക്കുന്നത്.